വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികളിലേക്കുള്ള നിയമനത്തിനായി രൂപീകരിച്ച പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റ് മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു. കേരള പബ്ലിക്ക് എന്റര്‍പ്രൈസസ്(സെലക്ഷനും റിക്രൂട്ട്‌മെന്റും) ബോര്‍ഡിന് കീഴിലുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വെബ്‌സൈറ്റാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്കും എളുപ്പം ഉപയോഗിക്കാന്‍ കഴിയും വിധത്തില്‍ തയ്യാറാക്കിയിട്ടുള്ള വെബ്‌സൈറ്റില്‍ സംശയദൂരീകരണത്തിനായി വീഡിയോ ട്യൂട്ടോറിയലും ലഭ്യമാക്കിയിട്ടുണ്ട്.
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ്ങ് ഡയറക്ടര്‍ തസ്തികകളിലേക്കുള്ള ഒഴിവുകളെക്കുറിച്ചുള്ള അറിയിപ്പ് ഈ വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഇനിമുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് പി എസ് സി നിയമനം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് കേരള പബ്ലിക്ക് എന്റര്‍പ്രൈസസ്(സെലക്ഷനും റിക്രൂട്ട്‌മെന്റും) ബോര്‍ഡ് വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായിട്ടായിരിക്കും അപേക്ഷകള്‍ സ്വീകരിക്കുക. നിയമനത്തില്‍ ഓണ്‍ലൈന്‍ പ്രക്രിയ സാധ്യമാക്കുന്നതിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാന്‍ സാധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ, പി എസ് സി ക്ക് കൈമാറിയിട്ടില്ലാത്ത തസ്തികകളിലെ നിയമനങ്ങള്‍ സുതാര്യമായി നടത്തുന്നതിനായി പബ്ലിക്ക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കുമെന്നത് എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കി അതത് മേഖലയില്‍ നൈപുണ്യമുള്ള ആളുകളെ തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന വിധത്തിലാണ് സ്വയംഭരണാധികാരമുള്ള ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്.
പൊതുമേഖലയുടെ കാര്യക്ഷമത ഉയര്‍ത്തുന്നതില്‍ പുതിയ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് വലിയ പങ്കുവഹിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി പി ജോയി, അംഗങ്ങളായ വി രാജിവന്‍, ആര്‍ രാധാകൃഷ്ണന്‍, ഡോ. ഷറഫുദ്ദീന്‍ കെ, സെക്രട്ടറി രഞ്ജിത് കുമാര്‍ എം ജി, സ്‌പെഷ്യല്‍ ഓഫീസര്‍ അഞ്ജന ഐ എ എസ് എന്നിവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.