21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഓണം കളറാകും ; ക്ഷേമപെൻഷന്‌ 1800 കോടി, ജീവനക്കാർക്കും പെൻഷൻകാർക്കുമായി 630 കോടി
Kerala

ഓണം കളറാകും ; ക്ഷേമപെൻഷന്‌ 1800 കോടി, ജീവനക്കാർക്കും പെൻഷൻകാർക്കുമായി 630 കോടി

ഓണം ആഘോഷിക്കുന്ന ഈ മാസം വിവിധ ആനുകൂല്യങ്ങൾക്കും ആശ്വാസനടപടികൾക്കുമായി 19,000 കോടി രൂപ സർക്കാർ നീക്കിവച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടുമാസത്തെ ക്ഷേമപെൻഷന്‌ 1800 കോടി രൂപ നൽകി. 60 ലക്ഷത്തോളം പേർക്ക്‌ 3200 രൂപവീതം ലഭിക്കും. 13 ലക്ഷം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസിനും ഉത്സവബത്തയ്‌ക്കും അഡ്വാൻസിനുമായി 630 കോടി നീക്കിവച്ചു. ഒരുലക്ഷത്തിൽപ്പരം ജീവനക്കാർക്ക്‌ 4000 രൂപവീതം ബോണസുണ്ട്‌. ഇതിന്‌ അർഹതയില്ലാത്തവർക്ക് ഉത്സവബത്ത 2750 രൂപ. വിരമിച്ചവർക്ക്‌ പ്രത്യേക ഉത്സവബത്ത 1000 രൂപ. ഓണം അഡ്വാൻസ്‌ 20,000 രൂപയാണ്‌. പാർട്‌ ടൈം കണ്ടിൻജന്റ് ഉൾപ്പെടെയുള്ളവർക്ക്‌ 6000 രൂപയും. കരാർ, -സ്‌കീം തൊഴിലാളികൾക്കും ബത്ത ലഭിക്കും.

തൊഴിലുറപ്പുതൊഴിലാളികൾക്ക്‌ 1000 രൂപ വീതം നൽകാൻ 46 കോടി. ലോട്ടറി മേഖലയിൽ ബോണസായി 24 കോടി നൽകി. ലോട്ടറി ക്ഷേമനിധി ബോർഡ്‌ അംഗങ്ങൾക്ക്‌ 6000 രൂപ ബോണസും പെൻഷൻകാർക്ക്‌ 2000 രൂപ ഉത്സവ ബത്തയുമുണ്ട്‌. കൈത്തറി തൊഴിലാളികളുടെ യൂണിഫോം പദ്ധതിയിൽ 25 കോടി നൽകി. കാഷ്യു ബോർഡിന്‌ 43 കോടി നൽകി. കെഎസ്‌ആർടിസിക്ക്‌ 30 കോടി. പെൻഷനായി 70 കോടിയും ശമ്പളത്തിനായി 40 കോടിയും നേരത്തേ നൽകി. സ്‌കൂൾ പാചകത്തൊഴിലാളികൾക്ക്‌ ശമ്പളത്തിന്‌ 50 കോടി നീക്കിവച്ചു. റബർ സബ്‌സിഡിക്ക്‌ 25 കോടി, ടെക്‌സ്‌ഫെഡിന്‌ ആറുകോടി, ടെക്‌സ്‌റ്റൈൽ കോർപറേഷന്‌ 10 കോടി, കയർ മേഖലയ്‌ക്ക്‌ അഞ്ചുകോടി എന്നിങ്ങനെ സഹായമെത്തി. പരമ്പരാഗത തൊഴിലാളികൾക്ക്‌ ഇൻകം സപ്പോർട്ട്‌ സ്‌കീമിലും സഹായമുണ്ട്‌. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ 2000 രൂപയും ഓണക്കിറ്റും.

കൺസ്യൂമർഫെഡിന്‌ 1500 ഓണച്ചന്ത തുടങ്ങാനായി സഹായം നൽകി. ഓണക്കിറ്റ്‌ വിതരണത്തിന്‌ 32.6 കോടി സപ്ലൈകോയ്ക്ക്‌ നൽകി. നേരത്തേ 70 കോടി അനുവദിച്ചിരുന്നു. നെല്ല്‌ സംഭരിച്ചതിന്റെ 1200 കോടിയിൽ 200 കോടിയിൽതാഴെ കുടിശ്ശികയുണ്ട്‌. ബാങ്കുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി പണം ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തൊഴിലുറപ്പ്‌ 
തൊഴിലാളികൾക്ക്‌ 1000 രൂപ 
ഉത്സവബത്ത
ഓണം പ്രമാണിച്ച്‌ തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ 1000 രൂപ ഉത്സവബത്ത ലഭിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും സംസ്ഥാന സർക്കാരിന്റെ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനം പൂർത്തിയാക്കിയ തൊഴിലാളികൾക്കാണ്‌ ഉത്സവബത്ത . 4.6 ലക്ഷം തൊഴിലാളികൾക്ക്‌ ആനുകൂല്യം ലഭിക്കും. ഇതിനായി 46 കോടി രൂപ അനുവദിച്ചു.

ഓണം ഫെയറുകൾ 
ഇന്നുമുതൽ
വിലക്കുറവിന്റെ വിപണിയൊരുക്കി സംസ്ഥാനത്ത്‌ ശനിയാഴ്‌ചമുതൽ ഓണം ഫെയറുകൾക്ക്‌ തുടക്കമാകും. സപ്ലൈകോയും കൺസ്യൂമർഫെഡുമാണ്‌ വിപണി ഇടപെടലുമായി ജനങ്ങൾക്ക്‌ ആശ്വാസമേകുന്നത്‌. തിരുവനന്തപുരത്ത്‌ പുത്തരിക്കണ്ടം മൈതാനത്ത്‌ സപ്ലൈകോ ഓണം ഫെയർ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. മറ്റു ജില്ലകളിൽ ശനിയാഴ്‌ച ആരംഭിക്കും.

കൺസ്യൂമർഫെഡിന്റെ സഹകരണ ഓണവിപണികളും ശനിയാഴ്‌ച തുടങ്ങും. 28 വരെയുണ്ടാകും. സംസ്ഥാന ഉദ്‌ഘാടനം ഞായർ പകൽ 11.30ന്‌ എറണാകുളം ഗാന്ധിനഗറിലെ കൺസ്യൂമർഫെഡ്‌ ആസ്ഥാനത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണമന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. ജില്ലയിൽ 142 ചന്തകളുണ്ടാകും.

സപ്ലൈകോ ജില്ലാ ഓണം ഫെയറിനുപുറമെ 23 മുതൽ 28 വരെ താലൂക്ക്‌ ഫെയറുകളും നിയോജകമണ്ഡല അടിസ്ഥാനത്തിലുള്ള ഫെയറുകളും പ്രവർത്തിക്കും. ഓണം ഫെയറിലും സപ്ലൈകോ വിൽപ്പനശാലകളിലും സബ്സിഡി നിരക്കിലുള്ള സാധനങ്ങൾക്കുപുറമെ 28 വരെ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കിഴിവുമുണ്ട്‌. അഞ്ചുമുതൽ 50 ശതമാനംവരെ വിലക്കുറവും കോംബോ ഓഫറുമുണ്ട്‌. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓണത്തിന് സമ്മാനിക്കാൻ 500, 1000 രൂപയുടെ ഗിഫ്‌റ്റ്‌ വൗച്ചറുകളും ഒരുക്കി. ഇരുപതോ അതിലധികമോ വൗച്ചറുകൾ ഒരുമിച്ച് എടുക്കുന്ന സ്വകാര്യ കമ്പനികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഓരോ 20 വൗച്ചറിനും ഒരു വൗച്ചർ സൗജന്യമാണ്‌. ജില്ലാ ഫെയറുകൾ രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ്‌.

സഹകരണ സംഘങ്ങളുമായി സഹകരിച്ച്‌ കൺസ്യൂമർഫെഡ്‌ 1500 ഓണച്ചന്തകളാണ്‌ നടത്തുന്നത്‌. ഇതിൽ 175 എണ്ണം ത്രിവേണി നേരിട്ടാണ്‌. 13 ഇനങ്ങൾ സർക്കാർ സബ്‌സിഡിയോടെ നൽകും. പൊതുവിപണിയേക്കാൾ 10 മുതൽ 40 ശതമാനംവരെ വിലക്കിഴിവിൽ നോൺ സബ്‌സിഡി സാധനങ്ങളും പച്ചക്കറിയും ലഭ്യമാക്കും.
ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്‌, ചെറുപയർ, കടല, തുവര, വൻപയർ, മുളക്‌, മല്ലി, വെളിച്ചെണ്ണ എന്നിവയാണ്‌ സബ്‌സിഡിയിൽ ലഭ്യമാക്കുന്നത്‌. റേഷൻ കാർഡുമായി വന്ന്‌ ഇവ വാങ്ങാം. പൊതുവിപണിയിൽ 1200 രൂപ വരുന്ന ഉൽപ്പന്നങ്ങൾ 462.50 രൂപയ്‌ക്കാണ്‌ നൽകുന്നത്‌.

Related posts

തലശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലയിലൊരുങ്ങുന്നത്‌ ഏഴ്‌ മ്യൂസിയങ്ങൾ.

Aswathi Kottiyoor

കോവിഡ് മലയാളി പ്രവാസികളിലുണ്ടാക്കിയ ആഘാതം പഠിക്കാൻ സർവ്വേ

Aswathi Kottiyoor

വളർത്തുമൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്നത് കൂടുന്നു

Aswathi Kottiyoor
WordPress Image Lightbox