ഉദ്യോഗസ്ഥരുടെ സേവനം കൃഷിയിടത്തിൽ ഉറപ്പാക്കുമെന്നും ഇതിനായി ടോൾ ഫ്രീ നമ്പരടക്കമുള്ള സംവിധാനം തയ്യാറാകുന്നതായും മന്ത്രി പി പ്രസാദ് പറഞ്ഞു. കർഷക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനവും സംസ്ഥാന കർഷക അവാർഡ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാർഷികമേഖലയെ ആധാരമാക്കിയുള്ള വികസന പരിപാടിക്കാണ് സർക്കാർ തുടക്കംകുറിച്ചത്. 21,000 കൃഷിക്കൂട്ടം കേരളത്തിൽ രൂപംകൊണ്ടു. മൂന്നുലക്ഷം തൊഴിലവസരം കാർഷികമേഖലയിൽ സൃഷ്ടിക്കാനായി. ഉൽപ്പാദനമേഖലയിൽ 30,000 കൃഷിക്കൂട്ടം 2026ൽ സജ്ജമാകും. കേരള അഗ്രോ ബ്രാൻഡിൽ 195 കാർഷികോൽപ്പന്നം മുൻനിര ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. 500 കോടിയുടെ വിപണിയാണ് ഈ വർഷം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള അഗ്രോ ബിസിനസ് കമ്പനിയുടെ ഉദ്‌ഘാടനവും പോഷക സമൃദ്ധി മിഷൻ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. മന്ത്രിമാരായ ജി ആർ അനിൽ, ആന്റണി രാജു, എംഎൽഎമാരായ വി കെ പ്രശാന്ത്, കെ ആൻസലൻ, ഡി കെ മുരളി, ഐ ബി സതീഷ്, എം വിജിൻ, കെ ഡി പ്രസേനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക്, കൃഷി ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ, മുതിർന്ന കർഷകൻ തിമത്തിയോസ്, കർഷകത്തൊഴിലാളി സി ശാന്ത എന്നിവർ സംസാരിച്ചു.
കർഷകോത്തമ പുരസ്കാരം കെ എ റോയിമോൻ, കേരകേസരി പുരസ്കാരം പി രഘുനാഥൻ, തേനീച്ച കർഷകനുള്ള അവാർഡ് കെ ടി ജോസ്, യുവ കർഷകയ്‌ക്കുള്ള പുരസ്കാരം എൽ രേഷ്മ, യുവ കർഷക പുരസ്‌കാരം ശ്യാംമോഹൻ, പച്ചക്കറി കർഷകനുള്ള പുരസ്കാരം എസ് വി സുജിത്, പട്ടികജാതി, പട്ടികവർഗ കർഷകനുള്ള പുരസ്കാരം എം കെ ബൈജുമോൻ എന്നിവർ ഏറ്റവുവാങ്ങി. കർഷക ഭാരതി അവാർഡ് ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് പി സുരേശനും മികച്ച ജൈവകൃഷി നടത്തുന്ന നിയോജകമണ്ഡലത്തിനുള്ള പുരസ്കാരം കല്യാശേരിക്കുവേണ്ടി എം വിജിൻ എംഎൽഎയും ഏറ്റുവാങ്ങി.