24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കരാർകാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യങ്ങൾക്ക്‌ അർഹതയുണ്ടെന്ന്‌ സുപ്രീംകോടതി
Kerala

കരാർകാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യങ്ങൾക്ക്‌ അർഹതയുണ്ടെന്ന്‌ സുപ്രീംകോടതി

കരാർനിയമനത്തിന്റെ കാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യങ്ങൾക്ക്‌ അർഹതയുണ്ടെന്ന്‌ സുപ്രീംകോടതി. മറ്റേണിറ്റി ബെനിഫിറ്റ്‌സ്‌ ആക്‌‌റ്റിലെ അഞ്ചാം വകുപ്പ്‌ തൊഴിൽ ചെയ്‌തിരുന്ന കാലയളവിനും അപ്പുറം പ്രസവാനുകൂല്യങ്ങൾ നൽകണമെന്ന്‌ വ്യവസ്ഥ ചെയ്‌തിട്ടുണ്ടെന്ന്‌ ജസ്‌റ്റിസ്‌ അനിരുദ്ധാബോസ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ നിരീക്ഷിച്ചു. ഡൽഹി സർക്കാരിന്റെ കീഴിലുള്ള ജനക്‌പുരിയിലെ ക്ലിനിക്കിൽ കരാർഅടിസ്ഥാനത്തിൽ ജോലി ചെയ്‌തിരുന്ന വനിതാഡോക്‌ടർക്ക്‌ മൂന്നുമാസത്തിനകം പ്രസവാനുകൂല്യങ്ങൾ നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

കരാർ അടിസ്ഥാനത്തിൽ മൂന്ന്‌ വർഷത്തേക്ക്‌ നിയമനം ലഭിച്ച ഡോക്‌ടർ 2017 ജൂൺ ഒന്ന്‌ മുതൽ പ്രസവാവധിക്ക്‌ അപേക്ഷിച്ചു. എന്നാൽ, 2017 ജൂൺ 11ന്‌ മൂന്ന്‌ വർഷത്തെ കരാർകാലാവധി പിന്നിട്ടെന്നും കരാർ പുതുക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു. കരാർ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ഡോക്‌ടർക്ക്‌ പ്രസവാനുകൂല്യങ്ങൾ നൽകിയില്ല. ഈ നടപടി ചോദ്യം ചെയ്‌ത്‌ ഡോക്‌ടർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും 11 ദിവസത്തെ ആനുകൂല്യങ്ങൾ മാത്രം നൽകിയാൽ മതിയെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിന്‌ എതിരായ അപ്പീലാണ്‌ സുപ്രീംകോടതി പരിഗണിച്ചത്‌.

മറ്റേണിറ്റി ബെനിഫിറ്റ്‌സ്‌ ആക്‌റ്റ്‌ 12 (2എ) വകുപ്പ്‌ അനുസരിച്ച്‌ ഗർഭിണിയായ അവസരത്തിൽ പിരിച്ചുവിടുകയോ ഒഴിവാക്കുകയോ ചെയ്‌താലും ആനുകൂല്യങ്ങൾക്ക്‌ അർഹതയുണ്ടെന്ന വ്യവസ്ഥയുള്ള വസ്‌തുത സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. ഈ രീതിയിൽ ജോലി ചെയ്‌തിരുന്ന കാലത്തിനും അപ്പുറത്തേക്ക്‌ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന സംവിധാനം നിയമത്തിനകത്ത്‌ തന്നെയുള്ള സാഹചര്യത്തിൽ അതിനെ ജോലി ചെയ്‌തിരുന്ന കാലത്തേക്ക്‌ മാത്രമായി ചുരുക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വിശദീകരിച്ചു. മറ്റേണിറ്റി ബെനിഫിറ്റ്‌സ്‌ ആക്‌റ്റിൽ ഗർഭാവധി, മെഡിക്കൽ ആനുകൂല്യങ്ങൾ, നവജാതശിശുവിന്റെ സംരക്ഷണത്തിനുള്ള അവധി തുടങ്ങി ഏത്‌ കരാറിനും അപ്പുറത്തേക്ക്‌ പോകുന്ന വ്യവസ്ഥകളുണ്ടെന്ന്‌ ഹർജിക്കാരിക്ക്‌ വേണ്ടി ഹാജരായ അഡ്വ. സൗരവ്‌ഗുപ്‌ത വാദിച്ചു.

Related posts

ഒമിക്രോൺ: തിയേറ്ററുകളിൽ രാത്രി പത്തിന്‌ശേഷം പ്രദർശനം അനുവദിക്കില്ല

Aswathi Kottiyoor

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാന് വീരമൃത്യു

Aswathi Kottiyoor

ശ്വാസകോശ അണുബാധ തടയാൻ ഔഷധേതര ഇടപെടൽ ശക്തിപ്പെടുത്താൻ മാർഗരേഖ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox