28.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കരട്‌ പാഠ്യപദ്ധതി ചട്ടക്കൂടിൽ ശുപാർശ; പൊതുപരീക്ഷ 12-ാം ക്ലാസിൽ.
Uncategorized

കരട്‌ പാഠ്യപദ്ധതി ചട്ടക്കൂടിൽ ശുപാർശ; പൊതുപരീക്ഷ 12-ാം ക്ലാസിൽ.

തിരുവനന്തപുരം: സ്കൂൾവിദ്യാഭ്യാസത്തിന്റെ അവസാനഘട്ടമായ 12-ാംക്ലാസിൽ മാത്രം വാർഷിക പൊതുപരീക്ഷ മതിയെന്ന് ശുപാർശ. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി അംഗീകരിച്ച കരട്‌ ചട്ടക്കൂടിലാണ് ഈ നിർദേശം.

എസ്.എസ്.എൽ.സി., പ്ലസ്ടു തലങ്ങളിലായുള്ള പൊതുപരീക്ഷകൾ ഒഴിവാക്കി 12-ാം ക്ലാസിൽ മാത്രമായി നിജപ്പെടുത്തണം. മറ്റുക്ലാസുകളിൽ മൂല്യനിർണയത്തിനായി വിദ്യാർഥികളുടെ നിരന്തരവിലയിരുത്തൽ അടിസ്ഥാനമാക്കിയാൽ മതിയെന്നുമാണ് ശുപാർശ. എസ്.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കരട്‌ ചട്ടക്കൂടിന്റെ രേഖ വൈകാതെ സർക്കാർ പുറത്തിറക്കും. അതനുസരിച്ചു തയ്യാറാക്കുന്ന പുസ്തകങ്ങളും പാഠ്യപദ്ധതി സമീപനവും സർക്കാർ അന്തിമമായി അംഗീകരിച്ചാൽ സ്കൂൾപഠനവും പരീക്ഷകളും അടിമുടിമാറും.

ശുപാർശകൾ

*പൊതുപരീക്ഷകളിൽ സെമസ്റ്റർരീതി പരിഗണിക്കണം. കുട്ടിയുടെ സമഗ്രവികാസത്തിനുപകരം വിഷയത്തിലെ അറിവുമാത്രം അളക്കുന്നതാണ് ഇപ്പോഴത്തെ പരീക്ഷാസമ്പ്രദായം. അടിക്കടിയുള്ള പരീക്ഷ കുട്ടിയിലും കുടുംബത്തിലും സമ്മർദവും ആശങ്കയും സൃഷ്ടിക്കുന്നു. ഇതുപരിഹരിക്കാൻ പൊതുപരീക്ഷ 12-ാംക്ലാസിൽ മാത്രംമതി. മറ്റുക്ലാസുകളിൽ നിരന്തരവിലയിരുത്തൽ നടത്തണം.

*ഒരു പരീക്ഷയ്ക്കുപകരം ഒന്നിലേറെ പരീക്ഷകൾ എഴുതാൻ അവസരമൊരുക്കണം. ഇവയിൽ ഏറ്റവും നല്ലപ്രകടനം കാഴ്ചവെക്കുന്ന പരീക്ഷ വിദ്യാർഥികളെ വിലയിരുത്താൻ ഉപയോഗപ്പെടുത്താം.

*സെക്കൻഡറിമേഖലയിൽ വൈജ്ഞാനികമേഖലയ്ക്കൊപ്പം തൊഴിലഭിരുചി, നൈപുണി, സാമൂഹികജീവിതമൂല്യങ്ങൾ, മനോഭാവം തുടങ്ങിയവ തിരിച്ചറിയാനും ഇടപെടാനുമാവുന്ന മൂല്യനിർണയപ്രവർത്തനങ്ങൾവേണം.

*പാഠങ്ങൾക്കുപകരം പഠനലക്ഷ്യങ്ങൾ നിശ്ചയിച്ച് അന്തിമപരീക്ഷയിൽ വിലയിരുത്തൽ നടത്തണം. പഠനലക്ഷ്യങ്ങൾ അറിവുകളായിമാറിയോ എന്നും വിലയിരുത്തി ഉറപ്പാക്കണം.

*ആവശ്യമുള്ളവിവരം അനായാസംലഭിക്കുന്ന ഈഘട്ടത്തിൽ വിവരത്തിനും ഓർത്തെടുക്കലിനും അമിതപ്രാധാന്യം നൽകേണ്ടതില്ല. വിമർശനചിന്ത, സർഗാത്മകത, വിശകലനചിന്ത, യുക്തിസമർഥനം, പ്രശ്നപരിഹാരം, ആശയവിനിമയം തുടങ്ങിയവയ്ക്കാവണം മുഖ്യപരിഗണന.

*കുട്ടിക്ക് ആത്മവിശ്വാസത്തോടെ ഉത്തരമെഴുതാവുന്ന ഉള്ളടക്കം തിരഞ്ഞെടുക്കാൻ വിവിധ മേഖലകളിൽനിന്നുള്ള കൂടുതൽചോദ്യങ്ങൾ നൽകി അതിൽനിന്നും നിശ്ചിതയെണ്ണം തിരഞ്ഞെടുക്കാൻ അവസരമൊരുക്കണം.

*വിവരവിനിമയ സാങ്കേതികവിദ്യ, നിർമിതബുദ്ധി എന്നിവയുടെ സഹായം തേടാം

അധ്യാപകരെ കുട്ടികൾ വിലയിരുത്തും

അധ്യാപകരുടെ നിലവാരം ഉയർത്താൻ അന്താരാഷ്ട്രമാതൃക നടപ്പാക്കാനാണ് നിർദേശം. ഇതിനായി തങ്ങളുടെ ക്ലാസിലെ അധ്യാപകരെ വിലയിരുത്താനുള്ള സ്വാതന്ത്ര്യവും അവസരവും കുട്ടികൾക്കു നൽകണം. എങ്കിലെ കുട്ടികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ അധ്യാപകർക്കാവൂ.

ഓരോക്ലാസിലും നേടേണ്ടശേഷികൾ വർഷാവസാനമാകുമ്പോഴേക്കും എല്ലാ കുട്ടികളും നേടുന്നുവെന്ന് ഉറപ്പാക്കേണ്ടത് അധ്യാപകരുടെയും സ്കൂളിന്റെയും ഉത്തരവാദിത്ത്വമായി വ്യവസ്ഥചെയ്യണം

Related posts

മദ്യപിച്ച് ലക്കുകെട്ട് ടെക്കിയുടെ ഡ്രൈവിങ്, ഇടിച്ചത് ആറു വാഹനങ്ങളിൽ, ഒരാൾ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

Aswathi Kottiyoor

അറബിക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ന്യൂനമര്‍ദ്ദം തീവ്രമായി, 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകും

Aswathi Kottiyoor

അരിക്കൊമ്പന്‍ കുങ്കിയാനകള്‍ക്കരികില്‍; പാപ്പാന്മാരും വനപാലകരും തുരത്തിയോടിച്ചു–

Aswathi Kottiyoor
WordPress Image Lightbox