25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • റവന്യു ഭൂമിയുടെ പാട്ടനയം മാറ്റും; നിരക്ക് കണക്കാക്കുന്നത് അശാസ്ത്രീയം, കുടിശിക പെരുകുന്നു
Kerala

റവന്യു ഭൂമിയുടെ പാട്ടനയം മാറ്റും; നിരക്ക് കണക്കാക്കുന്നത് അശാസ്ത്രീയം, കുടിശിക പെരുകുന്നു

∙ നിരക്ക് കണക്കാക്കുന്നതിലെ അശാസ്ത്രീയത മൂലം കുടിശിക പെരുകുന്ന സാഹചര്യത്തിൽ റവന്യു ഭൂമിയുടെ പാട്ടനയവും നിരക്കു ഘടനയും പരിഷ്കരിക്കുന്നു. റവന്യുവകുപ്പു തയാറാക്കിയ കരട് നിർദേശം നിയമവകുപ്പിന്റെ പരിശോധനയിലാണ്. പാട്ടത്തുകയായി പ്രതിവർഷം ലഭിക്കേണ്ട ഏകദേശം 1200 കോടി രൂപയിൽ 10% മാത്രമേ പിരിച്ചെടുക്കാനാകുന്നുള്ളൂവെന്നു ലാൻഡ് റവന്യു കമ്മിഷണറേറ്റിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കുമായി 10 മുതൽ 30 വർഷം വരെ പാട്ടത്തിനു നൽകുന്ന റവന്യു ഭൂമിയുടെ പാട്ടം ന്യായവില അടിസ്ഥാനപ്പെടുത്തിയാണ് 2016 വരെ നിശ്ചയിച്ചിരുന്നത്. വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും ന്യായവിലയുടെ 5 ശതമാനവും പൊതുമേഖലാ സ്ഥാപനങ്ങൾ 2 ശതമാനവും വാർഷിക പാട്ടമായി നൽകേണ്ടിയിരുന്നു. ഓരോ മൂന്നു വർഷത്തിലും തുക പുതുക്കും. എന്നാൽ 2016 മുതൽ വിപണിവില അടിസ്ഥാനപ്പെടുത്തി പാട്ടം കണക്കാക്കാൻ തുടങ്ങി. ഇതോടെ സ്ഥലവില കൂടുതലുള്ള നഗരങ്ങളിൽ പാട്ടത്തുക കുത്തനെ ഉയരുകയും കുടിശിക വർധിക്കുകയുമായിരുന്നു.

ആയിരത്തോളം പേർ കുടിശിക വരുത്തിയതായാണു ലാൻഡ് റവന്യു കമ്മിഷണറേറ്റിന്റെ പരിശോധനയിൽ പ്രാഥമികമായി കണ്ടെത്തിയത്. ഏറ്റവുമൊടുവിൽ റവന്യു വകുപ്പിനു നൽകിയ റിപ്പോർട്ട് പ്രകാരം ദീർഘകാലമായി കുടിശിക വരുത്തിയ 297 കേസുകളുണ്ട്. ഏറ്റവുമധികം കുടിശിക, ഭൂമിക്കു വിപണിവില കൂടുതലുള്ള തിരുവനന്തപുരത്തും എറണാകുളത്തുമാണ്. 

തിരുവനന്തപുരത്താകെ 119 കേസുള്ളതിൽ 88 കേസും തിരുവനന്തപുരം താലൂക്കിലാണ്. ഒരു താലൂക്കിലെ ഏറ്റവും കൂടുതൽ കേസുകൾ ഇവിടെയാണ്. 119 കേസുകൾ എറണാകുളം ജില്ലയിലെ കൊച്ചി, കണയന്നൂർ, മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലായാണ്. ഒരു കുടിശികക്കേസ് പോലുമില്ലാത്ത ജില്ലകൾ ആലപ്പുഴയും കാസർകോടുമാണ്.

സ്കൂൾ, കോളജ്, ആശുപത്രി, ക്ലബ്, ഹോട്ടൽ, ജിംനേഷ്യം, മത–സാമുദായിക കേന്ദ്രം എന്നിവ മുതൽ ഖാദി, കൈത്തറി, കെടിഡിസി തുടങ്ങിയ സർക്കാർ സംരംഭങ്ങളും വ്യവസായ സംരംഭങ്ങളും കുടിശിക വരുത്തിയതായി പട്ടികയിലുണ്ട്. ചില സ്വകാര്യ വ്യക്തികളുടെ കയ്യിലും ഭൂമിയിരിക്കുന്നു.

വിപണിവില രീതി മാറും; സ്ലാബ് വരും

വലിയ വികസന പദ്ധതികളുള്ള നഗരങ്ങളിൽ ഭൂമിയുടെ വിപണിവില ഓരോ വർഷവും പലമടങ്ങാണു കയറുന്നത്. വരുമാനമില്ലാത്ത ചാരിറ്റി സ്ഥാപനങ്ങളും ഇതനുസരിച്ചു പാട്ടം നൽകേണ്ടിവരുന്നു. വിപണി വിലയുടെ ശതമാനമെടുത്തു പാട്ടം കണക്കാക്കുന്ന രീതി മാറ്റണമെന്നതാണു പാട്ടനയം പരിഷ്കരിക്കുന്നതിനുള്ള കരടിലെ പ്രധാന നിർദേശം. പകരം സ്ലാബുകൾ മതിയാകും. ഭൂനികുതിത്തുക ആധാരമായി എടുക്കാനാകും. വരുമാനമുണ്ടാക്കുന്ന സ്ഥാപനങ്ങൾക്കും ചാരിറ്റി സ്ഥാപനങ്ങൾക്കും രണ്ടുതരം പാട്ടനിരക്ക് വേണം. നിയമഭേദഗതിയോടെ മാത്രമേ പാട്ടനയം പുതുക്കാൻ കഴിയൂ. നിലവിലെ കുടിശിക പിരിച്ചെടുക്കാൻ മുൻകാല പ്രാബല്യവും നൽകേണ്ടിവരും.

ചില സ്ഥാപനങ്ങൾക്കു ചർച്ചകളുടെ ഭാഗമായി സർക്കാർ ഇളവു നൽകിവരുന്നതിനാൽ, ആകെ പിരിഞ്ഞുകിട്ടാനുള്ള തുക എത്രയെന്നതിനു കൃത്യമായ കണക്കില്ല. കുടിശിക പിരിക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയും നടപ്പാക്കും.

Related posts

കേരളത്തിൽ നിന്നും ആരോഗ്യ പ്രവർത്തകരെ നേരിട്ട് റിക്രൂട്ട് ചെയ്യും: സെനെഡിൽ വെയിൽസ് ആരോഗ്യ വകുപ്പ് മന്ത്രി

Aswathi Kottiyoor

കൊരട്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയ യുവാക്കൾ മരിച്ചു

Aswathi Kottiyoor

ജല ലഭ്യതക്കനുസരിച്ച് ജലവിനിയോഗവും ആസൂത്രണവും ആവശ്യം : മന്ത്രി റോഷി അഗസ്റ്റിൻ

Aswathi Kottiyoor
WordPress Image Lightbox