മൊബൈൽ ഇന്റർനെറ്റ് ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിന് നിർദേശം നൽകി മണിപ്പുർ ഹൈക്കോടതി. ഉത്തരവാദിത്വം ഉറപ്പാക്കിക്കൊണ്ട് ഇന്റർനെറ്റ് ഉപകരണങ്ങൾ ‘വൈറ്റ് ലിസ്‌റ്റിൽ’ ഉൾപ്പെടുത്തണം. ആഭ്യന്തര വകുപ്പ് ഇതിന് ആവശ്യമായ സംവിധാനം ഒരുക്കണമെന്നും കോടതി നിർദേശിച്ചു. അധികൃതർ വിശദമായ റിപ്പോർട്ട് കേസ് പരിഗണിക്കുന്ന 31ന് സമർപ്പിക്കണം.
മൊബൈൽ ഇന്റർനെറ്റ് അനുവദിക്കണമെന്ന ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദേശം. ഒപ്‌ടിക്കൽ ഫൈബർ കണക്‌ഷൻ, ഇന്റർനെറ്റ് ലീസ് ലൈൻ കണക്‌ഷനുകൾ എന്നിവ ഭാഗികമായി ഹൈക്കോടതി നിർദേശപ്രകാരം പുനഃസ്ഥാപിച്ചിരുന്നു. അപ്രകാരം ‘വൈറ്റ് ലിസ്‌റ്റിൽ’ ഉൾപ്പെടാത്ത ഉപകരണങ്ങളിലേക്കും നമ്പരുകളിലേക്കും ഡാറ്റ ചോരുന്നില്ലെന്ന് ട്രയലുകളിലൂടെ ഉറപ്പാക്കാനായെന്ന് സർക്കാർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കുക്കി–- മെയ്‌ത്തീ വിഭാഗങ്ങൾ തമ്മിൽ മെയ് മൂന്നുമുതൽ തുടരുന്ന വർഗീയ കലാപത്തെതുടർന്നാണ് സർക്കാർ ഇന്റർനെറ്റ് നിരോധിച്ചത്. ജൂലൈ 25 മുതലാണ് നിയന്ത്രണങ്ങൾ ഭാഗികമായി നീക്കിത്തുടങ്ങിയത്.