സൈബർ തട്ടിപ്പുസംഘം ഓൺലൈൻ സ്ഥിര നിക്ഷേപത്തിൽനിന്ന് മൂന്നര ലക്ഷം തട്ടിയെടുത്തു. വണ്ടിപ്പേട്ട സ്വദേശിയുടെ നാലര ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം സൈബർ തട്ടിപ്പിൽ നഷ്ടമായത്. ഇതിൽ ഒരുലക്ഷം സേവിങ്സ് അക്കൗണ്ടിൽനിന്നും മൂന്നര ലക്ഷം സ്ഥിര നിക്ഷേപത്തിൽ നിന്നുമായിരുന്നു. രഹസ്യ പാസ്‌വേർഡും ഒടിപിയും ഉണ്ടായിട്ടും സ്ഥിരനിക്ഷേപത്തിലെ പണം നഷ്ടമായത് സൈബർ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. അന്വേഷണത്തിലാണ് ഇത് സ്വകാര്യ ബാങ്കിന്റെ ഓൺലൈൻ വഴിയുള്ള സ്ഥിര നിക്ഷേപമാണെന്ന് കണ്ടെത്തിയത്. ഓൺലെൻ അപേക്ഷ നൽകി പണം പിൻവലിക്കാനാകുമെന്നതാണ് പ്രത്യേകത. ഈ സാധ്യതയാണ് തട്ടിപ്പുസംഘം ഉപയോഗപ്പെടുത്തിയത്. പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി.
ഓൺലൈനിൽ എടുത്ത ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോഴാണ് പണം നഷ്ടമായത്. വന്ദേഭാരത് ട്രെയിനിൽ ബുക്ക് ചെയ്‌ത ടിക്കറ്റ് ഐആർസിടിസി സൈറ്റ് വഴിയാണ് ക്യാൻസർ ചെയ്യാൻ ശ്രമിച്ചത്. ഫോൺ വഴി സൈറ്റ് എടുത്തപ്പോൾ സമാനമായ മറ്റൊരു സൈറ്റ് തുറക്കുകയായരുന്നു. ഇതിൽ ആവശ്യപ്പെട്ട ഒടിപി നമ്പർ നൽകിയപ്പോഴാണ് പണം നഷ്ടമായത്. രണ്ടുതവണയായി 50,000 രൂപ വീതം പിൻവലിച്ചതായി സന്ദേശം വന്നപ്പോൾ അക്കൗണ്ട് ഉടമ ബാങ്കിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് സ്ഥിര നിക്ഷേപത്തിൽനിന്ന് മൂന്നര ലക്ഷവും നഷ്ടമായതായി മനസ്സിലായത്.