ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ 20 ഡിവൈഎസ്പി, 50 ഇന്‍സ്പെക്ടര്‍, 465 എസ്‌ഐ എന്നിവരുള്‍പ്പടെ രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ, ട്രാഫിക് വിന്യസിക്കും.പുന്നമട കായലില്‍ രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം.
ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലുമുതലാണ് ഫൈനല്‍ മത്സരങ്ങള്‍.ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാലു ഹീറ്റ്‌സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്നു വള്ളങ്ങളുമാണ് മത്സരിക്കുക.
മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.
ഒന്‍പത് വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍ 3, ഇരുട്ടുകുത്തി എ ഗ്രേഡ് -4, ഇരുട്ടുകുത്തി ബി ഗ്രേഡ് -15, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് -7, വെപ്പ് ബി ഗ്രേഡ് -4, തെക്കനോടി തറ -3, തെക്കനോടി കെട്ട് 4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.