സംസ്ഥാന സർക്കാർ 500 കോടി ചെലവഴിച്ച് കോഴിക്കോട്ട് സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അവയവമാറ്റ ആശുപത്രിയുടെ ആഗോള ടെൻഡർ അടുത്തയാഴ്‌ച. പ്രോജക്ട് കൺസൾട്ടന്റായ എച്ച്‌എൽഎൽ ഇൻഫ്രാടെക് സർവീസ്(എച്ച്‌ഐടിഇഎസ്)ആണ് പദ്ധതിക്കായി മാസ്‌റ്റർ പ്ലാൻ തയ്യാറാക്കിയത്. ലോകനിലവാരമുള്ള കെട്ടിടത്തിന്റെ ആർകിടെക്‌ചറൽ കൺസൾട്ടന്റിനെ നിയമിക്കാനാണ് ആഗോള ടെൻഡർ ക്ഷണിക്കുന്നത്. കിഫ്‌ബി ഫണ്ടിൽനിന്നാണ് അവയവമാറ്റത്തിനും ഗവേഷണത്തിനുമായുള്ള ബൃഹത് പദ്ധതിക്ക് പണം കണ്ടെത്തുക. ചേവായൂർ ചർമരോഗാശുപത്രിയിലെ 25 ഏക്കറിൽ രണ്ടുവർഷത്തിനകം സ്ഥാപനം ഉയരും.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിഎംഎസ്‌എസ്‌വൈ സൂപ്പർ സ്പെഷ്യാലിറ്റി സമുച്ചയത്തിൽ ആശുപത്രി 2024ൽ താൽക്കാലികമായി തുടങ്ങും. ഇതിനായി കെട്ടിടത്തിൽ വരുത്തേണ്ട മാറ്റങ്ങൾക്കുള്ള നടപടി തുടങ്ങി. മനുഷ്യരിലെ എല്ലാ അവയവങ്ങളും മാറ്റിവയ്‌ക്കാനാവുന്ന ആശുപത്രിയിൽ അമേരിക്കയിലെ മിയാമി ട്രാൻസ്‌പ്ലാന്റ് ഇൻസ്‌റ്റിറ്റ്യൂട്ട് മാതൃകയിലുള്ള സൗകര്യങ്ങളാണ് പരിഗണിക്കുന്നത്. എയർ ആംബുലൻസുകൾക്കുള്ള ഹെലിപ്പാഡ് സൗകര്യം ഉൾപ്പെടെ ഒരുക്കും. ഒന്നാം ഘട്ടത്തിൽ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട്, ആശുപത്രി, പാർക്കിങ്, ഓഡിറ്റോറിയം, ലക്‌ചറർ സമുച്ചയം, നഴ്‌സസ് ഹോസ്‌റ്റൽ തുടങ്ങിയ സൗകര്യങ്ങളാണുള്ളത്. രണ്ടാംഘട്ടത്തിൽ ഡോക്ടർമാർ, ജീവനക്കാർ എന്നിവർക്ക് ഉൾപ്പെടെയുള്ള 250 ക്വാർട്ടേഴ്‌സുകളും അനുബന്ധ സൗകര്യവുമാണ്. പാർപ്പിട സമുച്ചയം ഒഴികെയുള്ളവ ആദ്യഘട്ടത്തിൽ തന്നെ സജ്ജമാക്കും.
489 കിടക്കകളുള്ള ആശുപത്രിയും പരിശീലന കേന്ദ്രവും റിസർച്ച് സെന്ററും ഉൾപ്പെടെ 16 ലക്ഷം ചതുരശ്ര അടിയിലാണ് സമുച്ചയം. 16 ശസ്‌ത്രക്രിയാ തിയറ്ററുകൾ ഉണ്ടാവും. റസിഡൻഷ്യൽ ഏരിയ ഉൾപ്പെടെ 20 നിലകളുള്ളതാണ് സമുച്ചയം. അവയവമാറ്റ ശസ്‌ത്രക്രിയാ വിദഗ്‌ധനായ മലപ്പുറം സ്വദേശി ഡോ. ബിജു പൊറ്റെക്കാട്ടിനെ ആശുപത്രി സ്‌പെഷ്യൽ ഓഫീസറായി സർക്കാർ നിയമിച്ചിരുന്നു. ചേവായൂർ ക്യാമ്പസിലെ ത്വഗ്‌രോഗാശുപത്രിക്ക് പദ്ധതിയുടെ ഭാഗമായി പുതിയ കെട്ടിടം നിർമിക്കും. ഇത് പ്രത്യേക ക്യാമ്പസായാണ് പ്രവർത്തിക്കുക.