: അടുത്ത ഒരു വർഷത്തേക്ക് അഞ്ചു സെഷൻസ് കോടതികൾക്ക് കൊലക്കേസുകളുടെ വിചാരണച്ചുമതല മാത്രം നൽകാൻ തീരുമാനം.
തിരുവനന്തപുരത്തെ രണ്ട് അഡീ. സെഷൻസ് കോടതികൾ, കൊല്ലം, തൃശൂർ, തലശ്ശേരി എന്നിവിടങ്ങളിലെ ഓരോ അഡീ. സെഷൻസ് കോടതികൾ എന്നിവക്കാണ് ഈ ചുമതല നൽകുക. സംസ്ഥാനത്തെ കൊലക്കേസുകളുടെ വിചാരണ അനന്തമായി നീളുന്ന ഗൗരവമേറിയ സാഹചര്യം കണക്കിലെടുത്ത് സെഷൻസ് കോടതികൾക്ക് ഹൈകോടതി ടാർഗറ്റും നിശ്ചയിച്ചു.
ഇത് സംബന്ധിച്ച് ഹൈകോടതിയിലെ ജില്ല ജുഡീഷ്യറി രജിസ്ട്രാർ പി.ജി. വിൻസെന്റ് പ്രിൻസിപ്പൽ ജില്ല ജഡ്ജിമാർക്ക് ഔദ്യോഗിക നിർദേശം നൽകി. വിചാരണ കാത്തുകിടക്കുന്ന 1900 കൊലക്കേസുകളിൽ ഒന്നര പതിറ്റാണ്ട് പഴക്കമുള്ളവ 15 എണ്ണമുണ്ട്. 100 കേസുകൾ ഒരു പതിറ്റാണ്ടുവരെയും 600 കേസുകൾ അഞ്ചു വർഷത്തിലേറെയും പഴക്കമുള്ളവയാണ്. പ്രത്യേക ചുമതല നൽകിയ അഞ്ച് സെഷൻസ് കോടതികൾ ഒരുമാസം അഞ്ചു കൊലക്കേസിന്റെ വിചാരണ പൂർത്തിയാക്കണം, പ്രിൻസിപ്പൽ സെഷൻസ് കോടതികൾ ഒരു വർഷം മൂന്നു കൊലക്കേസ് പരിഗണിക്കണം, ഒന്നാം ക്ലാസ് അഡീ. സെഷൻസ് കോടതികൾ ഒരുമാസം രണ്ടു കൊലക്കേസ് പരിഗണിക്കണം, മറ്റ് അഡീ. സെഷൻസ് കോടതികൾ ഒരു വർഷം കുറഞ്ഞത് 15 കൊലക്കേസ് പരിഗണിക്കണം തുടങ്ങിയ നിർദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.അഡീ. സെഷൻസ് കോടതികൾക്ക് അവധിക്കാലത്തും വിചാരണ നടത്താം.
പ്രിൻസിപ്പൽ ജില്ല ജഡ്ജിമാർ പ്രവർത്തനം വിലയിരുത്തി പ്രതിമാസ റിപ്പോർട്ട് ഹൈകോടതിക്ക് നൽകണം. പ്രിൻസിപ്പൽ ജില്ല ജഡ്ജി സെഷൻസ് ജഡ്ജിമാരെ ഉൾപ്പെടുത്തി ജില്ലതല സമിതിയുണ്ടാക്കണം.
ഈ സമിതി വിചാരണ പൂർത്തിയാക്കേണ്ട കൊലക്കേസുകളുടെ പട്ടിക തയാറാക്കണം. പട്ടിക പ്രതിഭാഗം അഭിഭാഷകർക്കും ജില്ല പൊലീസ് മേധാവിയടക്കം ബന്ധപ്പെട്ട കക്ഷികൾക്കും നൽകണം. പ്രിൻസിപ്പൽ ജില്ല ജഡ്ജി കൂടിയാലോചിച്ച് വേഗം വിചാരണ പൂർത്തിയാക്കാൻ കഴിയുന്ന കേസുകൾ കണ്ടെത്തണം തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ.