സംഭവത്തിൽ കർഷകനായ അനീഷിന് കെഎസ്ഇബി മൂന്നര ലക്ഷം രൂപ ധനസഹായം നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വൈദ്യുതി, കൃഷി മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. തുടർ നടപടികൾ ബോർഡ് യോഗം ചേർന്ന് തീരുമാനിക്കുമെന്നും തുക എത്രയും പെട്ടെന്ന് കൈമാറുമെന്നും കെഎസ്ഇബി അറിയിച്ചു.
വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒൻപത് മാസം പ്രായമായ നാനൂറോളം കുലവാഴകളാണ് കെ.എസ്.ഇ.ബി ജീവനക്കാർ നശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലക്ഷങ്ങളുടെ ലക്ഷങ്ങളുടെ നഷ്ടവുമുണ്ടായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാർ വാഴകൾ വെട്ടിയത്. രണ്ടര ഏക്കറിൽ 1600 ഏത്തവാഴകളാണുള്ളത്. ഇതിൽ അര ഏക്കറിലെ വാഴകളാണ് വെട്ടിനശിപ്പിച്ചത്. ദിവസങ്ങൾക്കകം വെട്ടി വിൽക്കാനാവും വിധം മൂപ്പെത്തുന്ന കുലകളായിരുന്നു.
കെഎസ്ഇബി നടപടി വലിയ വിവാദമായിരുന്നു. നിയമസഭയിൽ പ്രതിപക്ഷം വലിയ വിമർശനമുന്നയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കർഷകന് ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി വൈദ്യുതിമന്ത്രിക്ക് കത്തയച്ചു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചതും നഷ്ടപരിഹാരം നൽകാൻ തീരുമാനമായത്.