മേഖലയിലെ പല സ്ക്കൂൾ, ക്യാമ്പസുകളിൽ നിന്നും പാനൂർ ബസ്റ്റാൻഡിൽ എത്തുന്ന വിദ്യാർത്ഥികൾ ബസിൽ കയറാതെ ബസ്റ്റാൻഡ് കോംപ്ലക്സിൽ നിന്നും കണ്ണംവെള്ളി ബൈപാസ് റോഡിലേക്ക് പോകുന്ന വഴിയിൽ തമ്പടിച്ച് നിൽക്കുകയും, അവിടെ നിന്നും പ്രണയ നിമിഷങ്ങൾ പങ്കിടുകയും ചെയ്യുക പതിവാണ്. അതിനു പുറമെ കോംപ്ലക്സിൻ്റെ മുകൾ നിലയിലേക്ക് കയറുന്ന ബാൽക്കണി ഏരിയയും ഇവർ കയ്യടക്കും.
വ്യാപാരികൾ പരാതിപ്പെട്ടാൽ കൂട്ടത്തോടെ അവർക്കെതിരെ തിരിയുകയും ചെയ്യും. വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്ന എന്ന പരാതി കൂടി വന്നതോടെ പാനൂർ പോലീസ് ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടി പ്രണയജോടികളെ വേഗത്തിൽ ബസ് കയറ്റി വിടുകയാണ് ഇപ്പോൾ. സംശയം തോന്നുന്നവരെ മാറ്റി നിറുത്തി പരിശോധിക്കുകയും, മേൽവിലാസം എഴുതിയെടുക്കുകയും ചെയ്യുന്നുണ്ട്.
ബസ്റ്റാൻഡ് പരിസരത്ത് നിർമ്മാണം പൂർത്തീകരിക്കാത്ത കെട്ടിടങ്ങളും മറ്റും രഹസ്യ സല്ലാപങ്ങൾക്ക് കുട്ടികൾ ഉപയോഗിക്കുന്നുണ്ട്. പരാതികൾ പടർന്നതോടെ ആശങ്കയിലായ ചില രക്ഷിതാക്കൾ നേരിട്ടെത്തി കുട്ടികളെ കൂട്ടികൊണ്ടു പോകുന്നതും ഇപ്പോൾ കാണാം. കണിശമായ കണ്ണുകളോടെ പോലീസും, വ്യാപാരികളും ബസ്റ്റാൻഡിൽ നടത്തുന്ന ഇടപ്പെടലുകൾ കുട്ടി തോന്ന്യാസങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാനും സാധിച്ചിട്ടുണ്ട്.