സർപ്പ മൊബൈൽ ആപ്പ് നിലവിൽവന്നശേഷം 22062 പാമ്പുകളെ പിടികൂടി അനുയോജ്യമായ ആവാസ വ്യവസ്ഥയിലേക്ക് മാറ്റാനായെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.
ജനവാസ മേഖലകളിൽ അപകടകരമായി കാണുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടാനും അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ വിട്ടയക്കാനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനുമായി സംസ്ഥാന സർക്കാർ അംഗീകരിച്ച മാർഗനിർദ്ദേശങ്ങൾ പ്രകാരമാണ് 2020 ഓഗസ്റ്റ് 18ന് ആപ്പ് പ്രാബല്യത്തിൽ വന്നത്. ഇതിനു ശേഷം പാമ്പുകൾ മൂലമുള്ള അപകടാവസ്ഥ ഫലപ്രദമായി ഒഴിവാക്കാൻ കഴിഞ്ഞു. 2019 വരെ പ്രതിവർഷം നൂറിലധികം ജനങ്ങൾ പാമ്പ് കടിയേറ്റ് മരിച്ചിരുന്ന സാഹചര്യം മാറുകയും തുടർവർഷങ്ങളിൽ മരണനിരക്ക് ഗണ്യമായി കുറയുകയും ചെയ്‌തു. പാമ്പുകളെ പിടികൂടാൻ 3208 പേർക്ക് പരിശീലനം നൽകുകയും അതിൽ 1866 പേർക്ക് ലൈസൻസ് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.