മലയാള സിനിമയിൽ ചിരിയുടെ പുതുവഴി തുറക്കുകയും തമിഴിലും ഹിന്ദിയിലും വരെ ഹിറ്റ്മേക്കർ ആകുകയും ചെയ്ത സംവിധായകൻ സിദ്ദിഖ് ഇന്നലെ രാത്രിയാണു വിടവാങ്ങിയത്. രാത്രി 9.10ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾരോഗം മൂർഛിച്ച് മൂന്നാഴ്ചയിലേറെയായി ഐസിയുവിലായിരുന്നു. തിങ്കളാഴ്ചയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് നില അതീവ ഗുരുതരമായി. പിന്നീട് ഉപകരണ സഹായത്താലായിരുന്നു (എക്മോ) ആന്തരികാവയവങ്ങളുടെ പ്രവർത്തനം. ഭാര്യ: ഷാജിദ. മക്കൾ: സുമയ്യ, സാറ, സുക്കൂൻ. മരുമക്കൾ: നബീൽ, ഷെഫ്സിൻ. കൊച്ചി പുല്ലേപ്പടി കറുപ്പ്‌നുപ്പിൽ പരേതരായ കെ.എം.ഇസ്‌മായിൽ ഹാജിയുടെയും സൈനബയുടെയും മകനാണ്. 34 വർഷം മുൻപ് ‘റാംജിറാവ് സ്പീക്കിങ്’ എന്ന സിനിമയിലൂടെ മലയാളത്തിൽ ചിരിയുടെ പുതിയ ട്രാക്ക് സൃഷ്ടിച്ച സിദ്ദിഖ്-ലാൽ സംവിധായക കൂട്ടുകെട്ട് തുടർന്ന് ഹിറ്റുകളുടെ പരമ്പര തന്നെ സൃഷ്ടിച്ചു. ‘ഇൻ ഹരിഹർ നഗർ’, ‘ഗോഡ്ഫാദർ’, ‘വിയറ്റ്നാം കോളനി’, ‘കാബൂളിവാല’ എന്നീ സിനിമകൾക്കുശേഷം സിദ്ദിഖ് ഒറ്റയ്ക്കു സംവിധാനം ചെയ്തുതുടങ്ങിയപ്പോഴും വിജയചരിത്രം തുടർന്നു. ‘ഹിറ്റ്ലർ’, ‘ഫ്രണ്ട്സ്’, ‘ക്രോണിക് ബാച്ചിലർ’, ‘ബോഡിഗാർഡ്’, ‘ലേഡീസ് ആൻഡ് ജന്റിൽമാൻ’, ‘ഭാസ്കർ ദ റാസ്കൽ’, ‘കിങ് ലയർ’, ‘ഫുക്രി’, ‘ബിഗ് ബ്രദർ’ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ.
സൽമാൻ ഖാൻ നായകനായ ‘ബോഡിഗാർഡി’ന്റെ ഹിന്ദി റീമേക്ക് 200 കോടിയിലേറെ രൂപ കലക്‌ഷൻ നേടി. ‘ഫ്രണ്ട്സ്’, ‘എങ്കൾ അണ്ണ’, ‘കാവലൻ’, ‘സാധുമിരണ്ട’, ‘ഭാസ്കർ ഒരു റാസ്കൽ’ എന്നീ സിനിമകൾ തമിഴിലും ‘മാരോ’ എന്ന ചിത്രം തെലുങ്കിലും സംവിധാനം ചെയ്തു. മോഹൻലാൽ നായകനായ ‘ബിഗ് ബ്രദർ’ (2020) ആണ് അവസാന സിനിമ. മഹാരാജാസിൽ വിദ്യാർഥിയായിരിക്കെ മിമിക്രി, മോണോ ആക്ട് വേദികളിൽ തിളങ്ങിയ സിദ്ദിഖ് കൊച്ചിൻ കലാഭാവനിലൂടെയാണ് കലാവേദികളിൽ സജീവമായത്. സത്യൻ അന്തിക്കാടിന്റെ ‘പപ്പൻ പ്രിയപ്പെട്ട പപ്പന്’ തിരക്കഥയൊരുക്കിയായിരുന്നു സിദ്ദിഖ്–ലാൽ ജോടിയുടെ സിനിമയിലെ അരങ്ങേറ്റം.