ഇന്നും സമാനമായ രീതിയിൽ വാദ പ്രതിവാദങ്ങളോടെ സഭ പ്രക്ഷുബ്ധമായേക്കും. അവിശ്വാസപ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി ആദ്യം സംസാരിക്കുമെന്നായിരുന്നു പുറത്തുവന്ന വിവരമെങ്കിലും കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ് ചർച്ചകൾക്ക് തുടക്കമിട്ടത്. കേന്ദ്രത്തിനെതിരെ, പ്രതിപക്ഷത്തിനുവേണ്ടി സഭയിൽ ഗൗരവ് ഗൊഗോയി കത്തിക്കയറി.
മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പാലിക്കുന്ന നിശബ്ദത ഭേദിക്കാൻ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ സഖ്യം നിർബന്ധിതരായെന്നാണു ഗൗരവ് ഗൊഗോയ് പറഞ്ഞത്. പ്രധാനമന്ത്രി ഇതുവരെ മണിപ്പുരിൽ പോവത്തതെന്ത്, ഈ വിഷയം പാർലമെന്റിന് പുറത്ത് 30 സെക്കന്റ് സംസാരിക്കാൻ 80 ദിവസം വൈകിയതെന്ത്, മണിപ്പുർ മുഖ്യമന്ത്രിയെ മാറ്റാത്തതെന്ത്, തുടങ്ങി മൂന്ന് ചോദ്യങ്ങള്‍ ഗൊഗോയ് സഭയിൽ ഉയർത്തി കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാഴ്ത്തി.
ഇന്നലെ സഭയിൽ സംസാരിക്കാതിരുന്ന രാഹുൽ ഗാന്ധി ഇന്നോ നാളെയോ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലുള്ളപ്പോൾ സംസാരിക്കാനാണു രാഹുൽ താൽപ്പര്യപ്പെടുന്നതെന്നു കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അമിത് ഷാ, നിർമല സീതാരാമൻ, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ ഇന്ന് സംസാരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നാളെ സഭയിൽ മറുപടി നൽകും.