26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • മണിപ്പുരിലേക്ക് 10 കമ്പനി കേന്ദ്രസേന കൂടി
Uncategorized

മണിപ്പുരിലേക്ക് 10 കമ്പനി കേന്ദ്രസേന കൂടി

മണിപ്പുരിൽ അസം റൈഫിൾസിനെ പിൻവലിക്കണമെന്നാവശ്യപ്പെട്ടു മെയ്തെയ് വിഭാഗക്കാരുടെ പ്രക്ഷോഭം രൂക്ഷമാകുന്നു. കേന്ദ്രസേനയായ അസം റൈഫിൾസ് കുക്കി ഗോത്രവിഭാഗക്കാരെ സഹായിക്കുന്നുവെന്നും മണിപ്പുരി സ്ത്രീകൾക്കെതിരെ രാസായുധങ്ങൾ പ്രയോഗിക്കുന്നുവെന്നും ആരോപിച്ച് ഇംഫാൽ താഴ്‌വരയിലെ നൂറിലധികം കേന്ദ്രങ്ങളിൽ മെയ്തെയ് വനിതകൾ ഇന്നു പ്രക്ഷോഭം നടത്തും. കലാപം ആളിക്കത്തുന്ന പശ്ചാത്തലത്തിൽ 10 കമ്പനി കേന്ദ്രസേനയെ മണിപ്പുരിലേക്ക് അയച്ചു.
മെയ്തെയ്-കുക്കി പ്രദേശങ്ങൾക്കിടയിലുള്ള ബഫർ സോണിൽ അസം റൈഫിൾസിനെ വിന്യസിച്ചിട്ടുണ്ട്. വൻതോതിൽ ആയുധങ്ങൾ സംഭരിച്ചുള്ള മെയ്തെയ് ആക്രമണത്തെ ചെറുക്കുന്നത് ഇവരാണ്.കഴിഞ്ഞദിവസം ബിഷ്ണുപുർ-ചുരാചന്ദ്പുർ അതിർത്തിയിൽ നടന്ന സംഘർഷത്തിൽ ഉൾപ്പെടെ 24 മണിക്കൂറിനിടെ 6 പേർ കൊല്ലപ്പെട്ടു. മെയ്തെയ് പക്ഷത്ത് അച്ഛനും മകനും അയൽവാസിയും ഉൾപ്പെടെ 3 പേരെ കുക്കികൾ വധിച്ചതിനു പിന്നാലെ മണിപ്പുർ കമാൻഡോകളുടെയും മെയ്തെയ് ആയുധധാരികളുടെയും ആക്രമണത്തിൽ രണ്ടു കുക്കികൾ കൊല്ലപ്പെട്ടു. ഇംഫാൽ വെസ്റ്റിൽ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു.

ഇംഫാൽ വെസ്റ്റിലെ ലംഗോൾ ഗെയിംസ് വില്ലേജിലെ ഒട്ടേറെ കുക്കി വീടുകൾക്ക് മെയ്തെയ്കൾ തീയിട്ടു. പൊലീസ് പല റൗണ്ട് വെടിവയ്ക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തശേഷമാണ് ആൾക്കൂട്ടം പിരിഞ്ഞത്. വെടിവയ്പിൽ ഒരാൾക്കു പരുക്കേറ്റു. കുക്കി മേഖലയായ ചുരാചന്ദ്പുരിനും മെയ്തെയ് ഭൂരിപക്ഷപ്രദേശമായ ബിഷ്ണുപുരിനുമിടയ്ക്കുള്ള ക്വാക്തയിൽ ഇന്നലെയും വെടിവയ്പ് തുടർന്നു. സംസ്ഥാന സർക്കാരിനു കീഴിലുള്ള മണിപ്പുർ കമാൻഡോകൾ മെയ്തെയ് ആയുധധാരികൾക്കൊപ്പം ചേർന്നു കുക്കിമേഖല ആക്രമിക്കുകയാണെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം പറഞ്ഞു. മ്യാൻമർ അതിർത്തിക്കടുത്തുള്ള മോറെയിൽ മണിപ്പുർ കമാൻഡോകളെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുക്കികളുടെ പ്രക്ഷോഭവും ശക്തമായി. മോറെയിൽ ആധിപത്യത്തിനായി സംസ്ഥാന സർക്കാർ അയച്ച നൂറുകണക്കിനു പൊലീസുകാർ കുക്കി വനിതകളുടെ റോഡ് ഉപരോധം മൂലം പാതിവഴിയിൽ കുടുങ്ങിക്കിടക്കുകയാണ്. തുടർന്ന് കമാൻഡോകളെ ഹെലികോപ്റ്ററിൽ മോറെയിലെത്തിക്കുകയായിരുന്നു.

ഇവിടേക്കുള്ള അവശ്യവസ്തുനീക്കം മെയ്തെയ് സ്ത്രീകൾ തടഞ്ഞതോടെ ഭക്ഷ്യക്ഷാമ ഭീഷണിയുണ്ടെന്ന് കുക്കി സ്റ്റുഡന്റ്സ് യൂണിയൻ അറിയിച്ചു. മ്യാൻമറിൽനിന്നുള്ള ഭക്ഷ്യവസ്തുനീക്കവും നിലച്ചു. പൂര്ണമായും നിലച്ചിരിക്കുകയാണെന്ന് അവർ പറഞ്ഞു. വിവിധ വിഭാഗങ്ങൾ തിങ്ങിപ്പാർത്തിരുന്ന മോറെയിൽനിന്ന് മെയ്തെയ്കൾ കലാപത്തിന്റെ ആദ്യദിനം തന്നെ പലായനം ചെയ്തിരുന്നു.

Related posts

സുരക്ഷ മുഖ്യം; കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നിയന്ത്രണവുമായി ഗതാഗത വകുപ്പ്*

Aswathi Kottiyoor

കേരള എൻ ജി ഒ സംഘ് മട്ടന്നൂർ ബ്രാഞ്ച് സമ്മേളനം

Aswathi Kottiyoor

വൈക്കം മുഹമ്മദ് ബഷീർ സ്മാരക പുരസ്കാരം എം മുകുന്ദന്

Aswathi Kottiyoor
WordPress Image Lightbox