ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ ഇരുമ്പു പൈപ്പുമായി പ്രതിക്കു നേരെ പാഞ്ഞടുത്തപ്പോൾ പൊലീസും ഭർത്താവും ചേർന്നു പിടിച്ചുമാറ്റി
ആലുവ∙ ‘ഞാനവനെ കൊല്ലും’. കയ്യിൽ ഇരുമ്പു പൈപ്പുമായി ഹിന്ദിയിൽ അലറി നിലവിളിച്ച് ആ അമ്മ പ്രതിയുടെ നേർക്കു പാഞ്ഞടുത്തതു പെട്ടെന്നാണ്. പൊലീസുകാരും ഭർത്താവും ചേർന്നു തടഞ്ഞിട്ടും നിൽക്കാതെ കുതറിയോടാൻ ശ്രമിച്ച അവരെ കീഴ്പെടുത്തി തിരികെ വീട്ടിലെത്തിക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു. വീണ്ടും കസേരയെടുത്ത് അടിക്കാനൊരുങ്ങിയപ്പോൾ മനസ്സ് ശാന്തമാകാൻ കുറച്ചു നേരത്തേക്കു മുറിയിൽ നിർബന്ധിച്ച് ഇരുത്തി. 5 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലമിനെ താമസസ്ഥലത്തു തെളിവെടുപ്പിന് എത്തിച്ചപ്പോഴാണു കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ അപ്രതീക്ഷിതമായി നിയന്ത്രണം വിട്ടത്. തെളിവെടുപ്പിന് എത്തിച്ച സ്ഥലത്തൊക്കെ ജനങ്ങൾ തടിച്ചുകൂടി. ‘അവനെ ഞങ്ങൾക്കു വിട്ടു തരൂ’ എന്ന് അവർ പൊലീസിനോടു വിളിച്ചുപറയുന്നുണ്ടായിരുന്നു.
ആലുവ മാർക്കറ്റിൽ രണ്ടിടത്തും ബൈപാസ് സർവീസ് റോഡ്, തായിക്കാട്ടുകര ഗാരിജ്, ബവ്റിജസ് ഔട്‌ലെറ്റ് പരിസരം എന്നിവിടങ്ങളിലെ 3 കടകളിലും പ്രതി താമസിച്ചിരുന്ന ഗാരിജ്, കുഞ്ഞുണ്ണിക്കര എന്നിവിടങ്ങളിലെ മുറികളിലുമാണ് തെളിവെടുപ്പു നടത്തിയത്. എല്ലായിടത്തും സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞു. കുഞ്ഞിന്റെ അതേ ഉയരത്തിലും തൂക്കത്തിലും തയാറാക്കിയ ഡമ്മി ഉപയോഗിച്ചു നടത്താനിരുന്ന തെളിവെടുപ്പു മാറ്റി.