24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • രാഹുലിന് കേസുകളുടെ ഒഴിയാബാധ; വിജ്ഞാപനം ഇറങ്ങിയാലും ഇല്ലെങ്കിലും നാളെ പാർലമെന്റിൽ?
Uncategorized

രാഹുലിന് കേസുകളുടെ ഒഴിയാബാധ; വിജ്ഞാപനം ഇറങ്ങിയാലും ഇല്ലെങ്കിലും നാളെ പാർലമെന്റിൽ?

ന്യൂഡൽഹി ∙ മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതെങ്കിലും ഡസനിലേറെ അപകീർത്തിക്കേസുകൾ രാഹുൽ ഗാന്ധിക്കെതിരെ വിവിധ കോടതികളിൽ നിലനിൽക്കുന്നു. സവർക്കർക്കെതിരെ കേംബ്രിജിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ പുണെ കോടതിയിലുള്ളതാണ് ഈ നിരയിൽ ഏറ്റവും പുതിയത്. ഗുജറാത്ത് ഹൈക്കോടതി രാഹുലിന്റെ സ്റ്റേ ആവശ്യം നിരസിക്കാൻ ഇതും കാരണമാക്കിയിരുന്നു.

എന്നാൽ, എല്ലാം ബിജെപിക്കാരുടെ പരാതികളാണെന്നും ഒന്നിൽപോലും ശിക്ഷിച്ചിട്ടില്ലെന്നുമുള്ള രാഹുലിന്റെ വാദം സുപ്രീം കോടതി കണക്കിലെടുത്തു. സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾ മറ്റു വിചാരണക്കോടതികളുടെ തീരുമാനത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് ഇനിയറിയേണ്ടത്. കേസുകൾ ഇങ്ങനെ: ∙ സവർക്കർക്കെതിരെ

ലണ്ടൻ പ്രസംഗത്തിൽ രാഹുൽ സവർക്കറെ അപമാനിച്ചെന്ന് ആരോപിച്ച് സവർക്കറുടെ സഹോദരന്റെ കൊച്ചുമകനായ സത്യകിയാണു കേസ് നൽകിയത്. പ്രസംഗത്തിന്റെ ഉള്ളടക്കം ലഭ്യമാക്കാൻ പുണെ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശിവസേനയുടെ ഷിൻഡെ വിഭാഗം നേതാവു താനെയിൽ നൽകിയ അപകീർത്തിക്കേസും സവർക്കർക്കെതിരെയുള്ള പരാമർശത്തിനായിരുന്നു. സ്വതന്ത്ര്യസമരപ്രസ്ഥാനത്തെ വഞ്ചിച്ച സവർക്കർ ബ്രിട്ടിഷുകാർക്കു മാപ്പപേക്ഷ നൽകിയതു ഭയപ്പാടുകൊണ്ടാണെന്നായിരുന്നു പരാമർശം.

∙ ആർഎസ്എസിനെതിരെ

ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്ന പരാമർശത്തിനെതിരെ ഭീവണ്ടി കോടതിയിലുള്ള കേസ് ഏപ്രിൽ 16നു പരിഗണിച്ചു. അസം ബർപെടയിലെ വൈഷ്ണവ മഠത്തിൽ ദർശനം നടത്താൻ ആർഎസ്എസുകാർ അനുവദിച്ചില്ലെന്ന പരാമർശത്തിനെതിരെ ഗുവാഹത്തി കോടതിയിൽ മാനനഷ്ടക്കേസുണ്ട്. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്നു തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പറഞ്ഞതിനു താനെയിലും മുംബൈയിലും വെവ്വേറെ കേസുകളുണ്ട്. 21-ാം നൂറ്റാണ്ടിലെ കൗരവരാണു ആർഎസ്എസ് എന്ന പരാമർശത്തിനെതിരെ ഹരിദ്വാറിലുള്ള കേസിൽ കോടതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എഐസിസി യോഗത്തിൽ ബിജെപിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നു റാഞ്ചി കോടതിയിലും കേസുമുണ്ട്.

∙ മോദിക്കെതിരെ
മോദിപരാമർശത്തിന്റെ പേരിൽ സൂറത്തിൽ മാത്രമല്ല, പട്ന, റാഞ്ചി, ബുലന്ദ്ഷഹർ എന്നിവിടങ്ങളിലും കേസുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു വിമർശിച്ചതിനും കേസുകൾ വേറെയുണ്ട്. ‘ചോരയുടെ ദല്ലാൾ’ എന്നു മോദിയെ വിളിച്ചതിനു ഡൽഹി മജിസ്ട്രേട്ട് കോടതി, രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചവരെ മോദി ചൂഷണം ചെയ്യുകയാണെന്ന (ഉറി ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി) പരാമർശത്തിൽ യുപിയിലെ ചന്ദോലി എന്നിവിടങ്ങളിലും റഫാൽ ഇടപാടുമായി ബന്ധപ്പെട്ടു മോദിയെ ‘നുണകളുടെ കമാൻഡർ’ എന്നു വിളിച്ചതിനു മുംബൈ മെട്രോപ്പൊലിറ്റൻ കോടതിയിലും കേസുണ്ട്.

∙ അമിത് ഷായ്ക്കെതിരെ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കൊലക്കേസ് പ്രതിയാണെന്നതുൾപ്പെടെ പരാമർശത്തിന്റെ പേരിൽ അഹമ്മദാബാദ് കോടതിയിൽ ബിജെപി പ്രവർത്തകൻ നൽകിയ കേസുണ്ട്. വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് അമിത് ഷാ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ അഹമ്മദാബാദിലും കേസ് നിലനിൽക്കുന്നു.

രാഹുൽ‌ നാളെ പാർലമെന്റിൽ?

ന്യൂഡൽഹി ∙ സുപ്രീം കോടതി വിധിയുടെ ബലത്തിൽ 137 ദിവസങ്ങൾക്കു ശേഷം രാഹുൽ ഗാന്ധി നാളെ പാർലമെന്റിലെത്തിയേക്കുമെന്നു സൂചന. കുറ്റക്കാരനെന്ന വിധിക്കു സ്റ്റേ വന്നതോടെ, രാഹുലിനുള്ള അയോഗ്യത നീങ്ങി. എന്നാൽ, ലോക്സഭാംഗത്വം റദ്ദാക്കിക്കൊണ്ടു ലോക്സഭാ സെക്രട്ടേറിയറ്റ് നേരത്തേ വിജ്ഞാപനമിറക്കിയതിനാൽ ഇതു പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനവും ആവശ്യമായി വരും. ഇതു സംഭവിച്ചാലും ഇല്ലെങ്കിലും രാഹുൽ പാർലമെന്റിലേക്ക് എത്തുന്ന കാര്യം കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്. ഇതേസമയം, ലോക്സഭാ സെക്രട്ടേറിയറ്റ് സ്വീകരിക്കേണ്ട നടപടി വൈകിപ്പിക്കരുതെന്നും എത്രയും വേഗം വിജ്ഞാപനം ഇറക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു. തീരുമാനം സ്പീക്കറുടേതാണ്. നിയമമന്ത്രി അടക്കം ആരിൽനിന്നു വേണമെങ്കിലും അദ്ദേഹത്തിന് ഉപദേശം സ്വീകരിക്കാം. പക്ഷേ, നാളെ സഭ തുടങ്ങുന്നതിനു മുൻപ് അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് വേണമെന്നു കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.

Related posts

രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

Aswathi Kottiyoor

കാറില്‍ 16 ലിറ്റർ ചാരായവുമായി രണ്ട് പേര്‍ പിടിയിൽ; ക്രിസ്തുമസ് – ന്യൂ ഇയർ ഡ്രൈവ് കര്‍ശനമാക്കി എക്സൈസ്

Aswathi Kottiyoor

കൊച്ചിയിൽ വൻ ലഹരി വേട്ട; അരക്കോടി രൂപയുടെ എംഡിഎംഎയുമായി യുവതിയുൾപ്പെടെ 4 പേർ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox