റഷ്യയ്ക്കു ക്ഷണമില്ലാതിരുന്ന യോഗത്തിൽ നാൽപതോളം രാജ്യങ്ങളിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുത്തെന്നാണു റിപ്പോർട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു ഇന്ത്യയുടെ പ്രതിനിധി. യുദ്ധം തുടങ്ങിയതു മുതൽ റഷ്യയുമായും യുക്രെയ്നുമായും ഇന്ത്യ ബന്ധപ്പെടുന്നുണ്ടെന്നും പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നതായും ഡോവൽ പറഞ്ഞു.റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷത്തിന്റെ തുടക്കം മുതൽ ശാശ്വത പരിഹാരത്തിനു ശ്രമിക്കുന്ന രാജ്യമാണ് ഇന്ത്യ. അങ്ങനെയൊരു പരിസമാപ്തിയുണ്ടായാൽ അതിൽപ്പരം സന്തോഷവും സംതൃപ്തിയും ഇന്ത്യയ്ക്കു ലഭിക്കാനില്ല. ചർച്ചയും നയതന്ത്രവും പ്രോത്സാഹിപ്പിക്കണമെന്നും സമാധാനത്തിന് അതുമാത്രമെ വഴിയുള്ളൂ എന്നുമാണ് ഇന്ത്യയുടെ നിലപാട്.’’– ഡോവൽ വ്യക്തമാക്കി.
പരിഹാരം റഷ്യയ്ക്കും യുക്രെയ്നും സ്വീകാര്യമാകണമെന്നും ഡോവൽ കൂട്ടിച്ചേർത്തു. നേരത്തേ, ജപ്പാനിൽ ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘർഷത്തിന് അയവുവരുത്താൻ സാധ്യമായതെല്ലാം ഇന്ത്യ ചെയ്യുമെന്നു മോദി ഉറപ്പു നൽകുകയും ചെയ്തു.