21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മിഷൻ ഇന്ദ്രധനുഷ്‌ 5.0 തിങ്കൾമുതൽ ; കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ ഉറപ്പാക്കും
Kerala

മിഷൻ ഇന്ദ്രധനുഷ്‌ 5.0 തിങ്കൾമുതൽ ; കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ ഉറപ്പാക്കും

ഏതെങ്കിലും കാരണത്താൽ വാക്‌സിൻ എടുക്കാത്തതോ ഭാഗികമായി എടുത്തതോ ആയ കുട്ടികൾക്കും ഗർഭിണികൾക്കും വാക്‌സിൻ ഉറപ്പാക്കാൻ മിഷൻ ഇന്ദ്രധനുഷ്‌ 5.0 എന്ന തീവ്രയജ്ഞവുമായി ആരോഗ്യവകുപ്പ്‌. തിരുവനന്തപുരത്ത് ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മീഡിയ ശിൽപ്പശാല മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്തു.
പൂർണമായി വാക്‌സിൻ എടുക്കാത്തതുമൂലം ഒരു പ്രദേശത്ത് ഉണ്ടാകാൻ സാധ്യതയുള്ള രോഗാതുരതയും മരണവും കുറയ്ക്കാൻ എല്ലാ ജില്ലയിലും പദ്ധതി നടപ്പാക്കുമെന്ന്‌ മന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിമൂലം പ്രതിരോധ കുത്തിവയ്‌പ്‌ പരിപാടിയിൽ ഉണ്ടായ കുറവ് നികത്താനാണ് തീവ്രയജ്ഞം. സംസ്ഥാനത്ത് 18,744 ഗർഭിണികളെയും രണ്ടു വയസ്സ്‌ വരെയുള്ള 61,752 കുട്ടികളെയും രണ്ടുമുതൽ അഞ്ചു വയസ്സ്‌ വരെയുള്ള 54,837 കുട്ടികളെയുമാണ് (ആകെ 1,16,589 കുട്ടികൾ) വാക്‌സിൻ നൽകാൻ കണ്ടെത്തിയത്. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലും വാക്‌സിനേഷൻ നൽകും. സംസ്ഥാനത്ത് ആകെ 10,086 സെഷൻ ഉദ്ദേശിക്കുന്നതിൽ 289 എണ്ണം മൊബൈൽ സെഷനാണ്. 4171 ജെപിഎച്ച്എൻമാരാണ് വാക്‌സിൻ നൽകുന്നത്.

ഒന്നാം ഘട്ടം തിങ്കൾമുതൽ 12 വരെയും രണ്ടാംഘട്ടം സെപ്തംബർ 11 മുതൽ 16 വരെയും മൂന്നാംഘട്ടം ഒക്ടോബർ ഒമ്പതുമുതൽ 14 വരെയുമാണ്. ആറ് ദിവസമാണ് പരിപാടി. ഞായറും പൊതുഅവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെയാണ് സമയക്രമം. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ പദ്ധതിക്ക്‌ കൂടുതൽ പ്രാമുഖ്യം നൽകുന്നുണ്ട്.

സംസ്ഥാന ഉദ്ഘാടനം തിങ്കളാഴ്ച തിരുവനന്തപുരം പൂന്തുറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടർ കെ ജെ റീന അധ്യക്ഷയായി. കെ എൽ റാവു, ഡോ. വി മീനാക്ഷി, ഡോ. കൗശിക് ഗാംഗുലി, ദിവ്യ ശ്യാംസുധീർ ബണ്ടി, ഡോ. സി പ്രതാപചന്ദ്രൻ, ഡോ. പ്രിയ ശ്രീനിവാസൻ, കെ എൻ അജയ് എന്നിവരും സംസാരിച്ചു.

Related posts

വിവരം നല്കിയില്ല: ഫിനാൻഷ്യൽ കോർപ്പറേഷനിലെ മൂന്ന് ഉദ്യോഗസ്ഥർ പിഴ ഒടുക്കണം

Aswathi Kottiyoor

*ചൂടേറി കേരളം, താപസൂചിക കുത്തനെ ഉയരും*

Aswathi Kottiyoor

പാരമ്പര്യേതര ഊർജ്ജ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox