ഇതിന്റെ പേരിൽ ഒട്ടേറെ വഴക്കുകളും നടന്നു. 4 മാസം മുൻപ് അനിൽ പിതാവിനെ വെട്ടാൻ വെട്ടുകത്തിയുമായി ഓടിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇതോടെ മകന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ കൃഷ്ണൻകുട്ടിയും ശാരദയും തിക്കപ്പുഴയിൽ വീട് വാടകയ്ക്ക് എടുത്തു താമസം മാറി. പിന്നീട് കഴിഞ്ഞ ദിവസമാണ് വീണ്ടും കുടുംബവീട്ടിലെത്തിയത്. അത് ജീവൻ തന്നെ നഷ്ടപ്പെടാൻ കാരണമായി. കുറെനാൾ അടഞ്ഞുകിടന്ന ആശാരിപ്പറമ്പിൽ വീട്ടിലേക്കു കൃഷ്ണൻകുട്ടിയും ശാരദയും എത്തിയത് തിങ്കളാഴ്ചയാണ്. ഭാര്യയുടെ അസുഖവുമായി ബന്ധപ്പെട്ട് ഇരുവരും ആശുപത്രിയിലായിരുന്നു. ഈ സമയത്ത് മകൻ അനിൽ നടുവേദനയ്ക്ക് ചികിത്സയുമായി ആശുപത്രിയിലുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് അനിൽ സഹോദരന്റെ ഒഴിഞ്ഞുകിടക്കുന്ന വീട്ടിൽ എത്തിയത്.
ഇന്നലത്തേതും പതിവ് വഴക്കെന്ന് വിചാരിച്ചു
പരുമല ∙ മകന്റെ കൊലക്കത്തിയിൽ ജീവൻ വെടിയുമ്പോഴും ശാരദയുടെ കൈയിൽ പല്ലു തേയ്ക്കാനെടുത്ത ബ്രഷ് ഉണ്ടായിരുന്നു. നാക്കടയിലെ ആശാരിപ്പറമ്പിൽ വീടുകൾ തമ്മിൽ ഒരു മുറ്റത്തിന്റെ അകലമേയുള്ളു. ഒന്ന് കൃഷ്ണൻകുട്ടിയുടെയും ശാരദയുടെയും കുടുംബവീട്. തൊട്ടുപുറകിലുള്ളത് ഇവരുടെ മൂത്ത മകൻ സുനിൽ വിലയ്ക്കു വാങ്ങിയ വീട്. ഈ വീട്ടിലാണ് അനിൽ ഒറ്റയ്ക്കു താമസിച്ചിരുന്നത്. മൂന്നടി വീതി മാത്രമുള്ള വഴിയാണ് രണ്ടു വീട്ടിലേക്കും ഉള്ളത്. സമീപത്തുള്ള 2 വീടുകളിൽ ആരും താമസമില്ല.
മകനും മാതാപിതാക്കളും തമ്മിൽ വഴക്ക് പതിവായിരുന്നതിനാൽ നാട്ടുകാർ ഇന്നലെ രാവിലെയുണ്ടായ ബഹളം കാര്യമായെടുത്തില്ല. എന്നാൽ എട്ടരയോടെ ‘ഞങ്ങളെ കൊല്ലുന്നേ ഓടിവായോ’ എന്ന നിലവിളി കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. സമീപവാസിയായ അനിലാണ് ആദ്യമെത്തിയത്. വീണുകിടക്കുന്ന കൃഷ്ണൻകുട്ടിയെ മകൻ കുത്തുന്നതാണ് കണ്ടത്. തൊട്ടടുത്ത് ശാരദ വീണു കിടപ്പുണ്ടായിരുന്നു. നാട്ടുകാർ പലരും ഓടിയെത്തിയെങ്കിലും അടുത്തുപോകരുതെന്ന് അനിൽ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സമയം ചോര വാർന്ന കത്തി കൈയിലുണ്ടായിരുന്നു. 20 മിനിറ്റിനുള്ളിൽ പൊലീസ് സ്ഥലത്തെതി. വീട്ടുമുറ്റത്ത് തൊട്ടടുത്തായി കിടന്ന രണ്ടുപേരും അപ്പോഴേക്കും മരിച്ചു.
നാടിനൊപ്പം നിന്ന കൃഷ്ണൻകുട്ടി
പരുമല ∙ നാട്ടിലെ എല്ലാ പൊതുകാര്യങ്ങൾക്കും മുൻപന്തിയിലുണ്ടായിരുന്നയാളാണ് കൃഷ്ണൻകുട്ടി. സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അദേഹം പിന്നീട് സിപിഐയിൽ ചേർന്നു. കടപ്ര സർവീസ് സഹകരണ ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി. പിന്നീട് കോൺഗ്രസിൽ ചേർന്ന് വാർഡ് പ്രസിഡന്റായി. നിലവിൽ പരുമല മണ്ഡലം സെക്രട്ടറിയായിരുന്നു. അടുത്ത ദിവസം വരെ തൊഴിലുറപ്പ് ജോലിക്കും പോയിരുന്നു. പഞ്ചായത്ത് വർക്കിങ് ഗ്രൂപ്പ് അംഗമായും പ്രവർത്തിച്ചിരുന്നു. വീടിനടുത്തുള്ള കെവിയുപി സ്കൂൾ പിടിഎ പ്രസിഡന്റായിരുന്നു. ഇവരുടെ രണ്ടാമത്തെ മകനാണ് അനിൽ. കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു അനിൽ. പ്രീഡിഗ്രി പഠനകാലത്ത് പമ്പ ദേവസ്വം ബോർഡ് കോളജിലെ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു.
തീരുമാനിച്ചുറപ്പിച്ച കൊലപാതകം
പരുമല ∙ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്റെ മനസ്സിലെ പകയുടെ ആഴം വെളിവാക്കുന്നതായിരുന്നു കൊലപാതകം. പിതാവ് കൃഷ്ണൻകുട്ടിയുടെ ദേഹത്തുള്ളത് മുപ്പതോളം മുറിവുകൾ. അനിലിന്റെ ആക്രമണം തടയുന്നതിനിടയിലാണ് ഇത്രയും മുറിവുണ്ടായതെന്നാണ് പൊലീസ് നിഗമനം. നല്ല ആരോഗ്യവാനായ അനിലിനെ തടയാൻ മാത്രം കരുത്തുള്ളയാളല്ല കൃഷ്ണൻകുട്ടി. മാതാവ് ശാരദയുടെ കഴുത്ത് ആഴത്തിൽ മുറിഞ്ഞു. കൊലപാതകം പ്രതി മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചു ചെയ്തതായിട്ടാണ് പൊലീസ് പറയുന്നത്. ഇതിനായി പുതിയ കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. അതാണ് കൃത്യത്തിനുപയോഗിച്ചത്. വിവരം അറിഞ്ഞയുടനെ പുളിക്കീഴ് പൊലീസ് ഇൻസ്പെക്ടർ ഇ.അജീബ്, എസ്ഐമാരായ ജെ.ഷജീം, സതീഷ് കുമാർ, എഎസ്ഐ മനോജ്, സിപിഒമാരായ ബി.നവീൻ, എസ്.സുദീപ്, ജി.അനൂപ് എന്നിവരാണ് സ്ഥലത്തെത്തിയത്. വീടിന്റെ രണ്ടു ഭാഗത്തുകൂടി ഓടിയെത്തിയ ഇവർ ആവശ്യപ്പെട്ടതോടെ അനിൽ കത്തി താഴെയിട്ടു. മൽപിടുത്തത്തിലൂടെ കീഴ്പെടുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. ഉച്ചയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.