നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ എട്ട് മാസം കൂടി സമയം അനുവദിച്ച് സുപ്രീംകോടതി. വിചാരണ പൂർത്തിയാക്കാൻ 2024 മാർച്ച് 31 വരെ സമയം നീട്ടിനൽകണമെന്ന വിചാരണക്കോടതി ജഡ്‌ജി ഹണി എം വർഗീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ജസ്‌റ്റിസുമാരായ അനിരുദ്ധാബോസ്, ബേലാ എം ത്രിവേദി എന്നിവർ അംഗങ്ങളായ ബെഞ്ചാണ് വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിക്കാൻ കൂടുതൽ സമയം അനുവദിച്ചത്.
വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നേരത്തെ ജൂലൈ 31 വരെ സമയം അനുവദിച്ചിരുന്നു. എന്നാൽ, ആറ് സാക്ഷികളെ കൂടി വിസ്‌തരിക്കാനുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ സമയം വേണമെന്നും വിചാരണക്കോടതി ജഡ്‌ജി ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് കേസിലെ എട്ടാംപ്രതി നടൻ ദിലീപിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌തഗി വാദിച്ചു. ഈ സാഹചര്യത്തിൽ മൂന്നുമാസത്തിന് ശേഷം വിചാരണ പുരോഗതി സുപ്രീംകോടതി വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിചാരണ നടപടികൾ പൂർത്തിയാക്കാൻ സമയക്രമം നിശ്‌ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി പ്രതികരിച്ചു. വിചാരണ നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമിക്കണമെന്നും കോടതി നിർദേശിച്ചു.