രഞ്ജിത് ഇടപെട്ടു: ജൂറി അംഗം ജെൻസി
കൊച്ചി ∙ ചലച്ചിത്ര അവാർഡ് നിർണയ വേളയിൽ ജൂറി അംഗങ്ങളോടു ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ആശയവിനിമയം നടത്തിയിരുന്നതായി ജൂറി അംഗവും ഗായികയുമായ ജെൻസി വെളിപ്പെടുത്തി. താൻ പറഞ്ഞ ചില പാട്ടുകൾ കേൾക്കണമെന്നും ചില പ്രമുഖരെഴുതിയതു ചവറാണെന്നും രഞ്ജിത് പറഞ്ഞിരുന്നു. ചെയർമാനെന്ന നിലയിൽ അത്തരമൊരു ഇടപെടൽ രഞ്ജിത്തിൽനിന്നു പ്രതീക്ഷിച്ചതല്ല – ഒരു ചാനലിനോടു പ്രതികരിക്കവേ ജെൻസി പറഞ്ഞു. റഫീഖ് അഹമ്മദിന് അവാർഡ് കൊടുക്കണമെന്നാണ് എല്ലാ പാട്ടുകളും കേട്ടശേഷം താൻ നിശ്ചയിച്ചിരുന്നതെന്നും ജെൻസി പറഞ്ഞു.
∙ ‘ആരോപണങ്ങളെപ്പറ്റി ജൂറി അംഗം നേമം പുഷ്പരാജുമായി ചർച്ച നടത്തും. ചെയർമാനെന്ന നിലയിൽ എന്നെ ആരും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല. ഇടപെടലുണ്ടായെന്ന് എനിക്കു പരാതിയും കിട്ടിയിട്ടില്ല. കിട്ടിയാൽ പരിശോധിക്കും.’ – ഗൗതം ഘോഷ്, ജൂറി ചെയർമാൻ
∙‘രഞ്ജിത്തിന്റേത് മാടമ്പി ശൈലിയാണ്. ‘ചവറ്’ എന്നൊക്കെ ഒരു സിനിമയെപ്പറ്റി പറയുന്നത് ചലച്ചിത്ര അക്കാദമി ചെയർമാനു യോജിച്ച ഭാഷയോ പ്രയോഗമോ അല്ല. ആരോപണത്തെപ്പറ്റി സർക്കാർ അന്വേഷിക്കണം. ജൂറി അംഗങ്ങളുടെ ശബ്ദരേഖ പരിശോധിക്കണം. സംവിധായകൻ വിനയൻ അവാർഡിനു പിറകെ പോകുന്ന ആളാണെന്നു കരുതുന്നില്ല.’ – ടി.ടി. ജിസ്മോൻ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി രഞ്ജിത് വലിയ ചലച്ചിത്ര ഇതിഹാസം: മന്ത്രി സജി ചെറിയാൻ
ആലപ്പുഴ ∙ ചലച്ചിത്ര അവാർഡ് നിർണയ വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ. രഞ്ജിത് മാന്യനായ, കേരളം കണ്ട ഏറ്റവും പ്രഗല്ഭനായ ചലച്ചിത്ര ഇതിഹാസമാണെന്നും അവാർഡ് നിർണയത്തിൽ അദ്ദേഹം ഇടപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അവാർഡ് നിർണയം പുനഃപരിശോധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ലോകപ്രശസ്തരായ അംഗങ്ങളുള്ള നിഷ്പക്ഷ ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്. അവരെ തിരഞ്ഞെടുത്തതു രഞ്ജിത്തല്ല; നടപടിക്രമങ്ങളിലൂടെയാണ്. രഞ്ജിത്തിന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല. ജൂറിയുമായി സംസാരിക്കാനും കഴിയില്ല.
ചെയർമാന്റെ ഇടപെടലിനു തെളിവായി ശബ്ദരേഖയുണ്ടെന്നു ചൂണ്ടിക്കാട്ടിയപ്പോൾ, ഓഡിയോ ഒക്കെ ആർക്കും ഉണ്ടാക്കാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തെളിവുണ്ടെങ്കിൽ നിയമനടപടിയുമായി പോകട്ടെയെന്നും മന്ത്രി പറഞ്ഞു.