28.3 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വക്കം എന്ന തലപ്പൊക്കം; വക്കത്തല്ല, ഒത്തനടുവിൽ
Uncategorized

വക്കം എന്ന തലപ്പൊക്കം; വക്കത്തല്ല, ഒത്തനടുവിൽ

കോൺഗ്രസ് രാഷ്ട്രീയത്തിന്റെ വക്കത്തല്ല, താൻപൊരിമകൊണ്ടും തന്റേടംകൊണ്ടും ഒത്തനടുക്കുനിന്നു വക്കം. മുഖ്യമന്ത്രി സ്ഥാനത്തിനുള്ള ആഗ്രഹം തുറന്നുപറഞ്ഞു. അതിന് അർഹതയില്ലെന്ന് ആർക്കും തോന്നിയതുമില്ല. വീട്ടിലെ 10 മക്കളിൽ മൂത്തവനായിരുന്നു വക്കം. കാരണവർ വേഷം തന്നെ രാഷ്ട്രീയത്തിലും എടുത്തണിഞ്ഞു. സ്പീക്കറായിരിക്കെ നിയമസഭാംഗങ്ങളും മന്ത്രിയായിരിക്കെ ഉദ്യോഗസ്ഥരും കാരണവരുടെ കാർക്കശ്യത്തിന്റെ ചൂടറിഞ്ഞു.

മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ആരാധകനായിരുന്നു അച്ഛൻ ഭാനുപ്പണിക്കർ. 1968 ൽ ആറ്റിങ്ങലിൽ ഉപതിരഞ്ഞെടുപ്പു വന്നപ്പോൾ മകനെ മത്സരിപ്പിക്കാമോ എന്ന ശങ്കറിന്റെ ചോദ്യം അച്ഛനോടായിരുന്നു. തോറ്റെങ്കിലും ഇനി രാഷ്ട്രീയം തന്നെ മതിയെന്നു തീരുമാനിച്ച വക്കം വക്കീൽവേഷം അഴിച്ചുവച്ചു.

വക്കത്തിലെ നിയമജ്ഞനെ പിന്നീട് മന്ത്രിയായ കാലത്തു കേരളം കണ്ടു. അച്യുതമേനോന്റെ മന്ത്രിസഭയിൽ കൃഷി, തൊഴിൽ, നിയമ മന്ത്രിയായിരിക്കെ കർഷകത്തൊഴിലാളികൾക്കും ചുമട്ടുതൊഴിലാളികൾക്കുംവേണ്ടി നിയമങ്ങളുണ്ടാക്കി. ആഴത്തിലുള്ള നിയമപരിജ്ഞാനം ഫയലുകളിൽ തീരുമാനമെടുക്കുന്നതിൽ കണിശത നൽകി. ഒരു പതിറ്റാണ്ടിലേറെ അഭിഭാഷകനായിരുന്നെങ്കിലും മന്ത്രിയും സ്പീക്കറുമായിരിക്കെ കോടതിയുമായി പലവട്ടം ഉരസിയിട്ടുമുണ്ട്. ഉമേഷ് ചള്ളിയിൽ ശ്രീനാരായണ ഗുരുവിന്റെ പേരിൽ നിയമസഭാംഗമായി സത്യപ്രതിജ്‌ഞ ചെയ്‌ത കേസിൽ ഹൈക്കോടതിയുടെ സമൻസ് കൈപ്പറ്റാനോ, കോടതി ആവശ്യപ്പെട്ട രേഖ നൽകാനോ സ്പീക്കർ വക്കം തയാറായില്ല. കോടതിരേഖ സ്പീക്കർ കൈപ്പറ്റേണ്ടതില്ലെന്നായിരുന്നു നിലപാട്. പിന്നീട് വഴങ്ങേണ്ടിവന്നതു വേറെ കാര്യം. എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിന്റെ പേരിൽ വ്യാജ ഫാക്സ് സന്ദേശം നിർമിച്ചെന്ന കേസിലും വക്കവും കോടതിയും തമ്മിലുടക്കി. രേഖകൾ ഹാജരാക്കണമെന്ന തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയുടെ നിർദേശം വക്കം അനുസരിച്ചില്ല. പിന്നീട് ഈ സമൻസ് സാങ്കേതിക കാരണങ്ങളാൽ റദ്ദാകുകയായിരുന്നു.

സ്പീക്കറായിരിക്കുമ്പോഴും പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുമായിരുന്നു വക്കം. നിയമസഭ കൂടുമ്പോൾ മാത്രം സ്പീക്കർ നിഷ്പക്ഷനായാൽ മതിയെന്നായിരുന്നു പ്രതിപക്ഷ വിമർശനത്തിനു മറുപടി. സ്പീക്കർക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും പാസായില്ല. ഏറ്റവുമധികം കാലം സ്പീക്കർ സ്ഥാനം (2104 ദിവസം) വഹിച്ചതിന്റെ റെക്കോർഡ് ഉണ്ടെങ്കിലും 2 തവണയും സ്ഥാനം രാജിവച്ചയാളാണു വക്കം. 1984 ൽ ആലപ്പുഴയിൽനിന്നു ലോക്സഭാംഗമാകാനും 2004 ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകാനുമായിരുന്നു രാജികൾ.

സ്പീക്കറുടെ പട്ടാളച്ചിട്ടയിൽ പ്രതിപക്ഷത്തിനും ഭരണപക്ഷത്തെ ചിലർക്കും വിയോജിപ്പുണ്ടായിരുന്നെങ്കിലും മന്ത്രിയെന്ന നിലയിൽ വക്കത്തിന്റെ ഭരണമികവ് ഇരു കൂട്ടരും ഒരുപോലെ അംഗീകരിച്ചു. പിശുക്കനായിരുന്ന ധനമന്ത്രി 2006 ൽ സ്ഥാനമൊഴിഞ്ഞതു ഖജനാവിൽ പണം നീക്കിവച്ചാണ്. ഈ പിശുക്ക് ശുപാർശകളുടെ കാര്യത്തിലുമുണ്ടായിരുന്നു. ആരോഗ്യമന്ത്രിയായിരിക്കേ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അച്ഛനെ പ്രവേശിപ്പിച്ചു. മുൻഗണന വച്ചേ പേ വാർഡ് അനുവദിക്കൂ. മന്ത്രിയുടെ അച്ഛനു പേ വാർഡ് സംഘടിപ്പിച്ചുകൊടുക്കാൻ ഡോക്ടർമാർ ഉത്സാഹിച്ചു. വിവരമറിഞ്ഞ വക്കം കൽപിച്ചു– ‘പ്രയോറിറ്റി വരുമ്പോൾ കൊടുത്താൽ മതി’.ഭരണമികവിനു കിട്ടിയ അഭിനന്ദനങ്ങൾ തന്റെ കഴിവിനുള്ള അംഗീകാരമെന്നു തന്നെയാണു വക്കം വിശ്വസിച്ചത്. 2004 ൽ എ.കെ.ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചപ്പോൾ, ആ പദവിക്ക് തനിക്കും ‘ക്ലെയിം’ ഉണ്ടെന്നു ഹൈക്കമാൻഡിനു മുന്നിൽ അവകാശപ്പെട്ടത് അതുകൊണ്ടാണ്. ഐ ഗ്രൂപ്പിന്റെ പിന്തുണയുണ്ടാകുമെന്നു വക്കം കരുതി. എന്നാൽ, മത്സരം വേണ്ടെന്നും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകട്ടെയെന്നും ഹൈക്കമാൻഡ് നിർദേശിച്ചു. വക്കം പിന്മാറി. ആ ഘട്ടത്തിൽ ഹൈക്കമാൻഡിന് അനഭിമതനായിരുന്ന കെ.കരുണാകരൻ തനിക്കു പരസ്യ പിന്തുണ പ്രഖ്യാപിച്ചതും പിന്മാറാൻ കാരണമായെന്നു വക്കം പിന്നീട് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ മന്ത്രിയെന്ന നിലയിൽ താമസിച്ചു അദ്ദേഹം.

ഒരു സുപ്രഭാതത്തിൽ വക്കം പ്രഖ്യാപിച്ചു– 80 വയസ്സു കഴിഞ്ഞവർ രാഷ്ട്രീയം വിടണം, ഞാനും വിടുന്നു. എന്നാൽ 2011 ൽ മിസോറം ഗവർണറായത് 83–ാം വയസ്സിലാണ്.

Related posts

കന്ദസാമിയും പോയി, മീനാക്ഷിപുരം ‘ആളില്ലാ​ഗ്രാമ’മായി മാറിയ കഥ

Aswathi Kottiyoor

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് മരിച്ചത് 11 പേർ

Aswathi Kottiyoor

ബിജെപിക്ക് ഒരു വർഷത്തിനിടെ ഇലക്ട്റൽ ബോണ്ട് വഴി കിട്ടിയത് 1300 കോടി; കോൺഗ്രസിന് അതിന്റെ ഏഴിലൊന്ന് മാത്രം

Aswathi Kottiyoor
WordPress Image Lightbox