മത്സ്യപ്രജനനത്തിനുവേണ്ടിയുള്ള 52 ദിവസത്തെ ട്രോളിങ് നിരോധനത്തിനുശേഷം സംസ്ഥാനത്തെ മീൻപിടിത്ത ബോട്ടുകൾ തിങ്കൾ അർധരാത്രി മുതൽ കടലിൽപോയി തുടങ്ങി. ചൊവ്വ പകൽ ചെറിയ ബോട്ടുകൾ തിരിച്ചെത്തുന്നതോടെ സംസ്ഥാനത്തെ ഹാർബറുകൾ സജീവമാകും. പുറംകടലിൽ തങ്ങി ട്രോളിങ് നടത്തുന്ന വലിയ ബോട്ടുകൾ തിരിച്ചെത്താൻ നാലു മുതൽ ഏഴു ദിവസംവരെ എടുക്കും. ഒരാഴ്‌ചകൊണ്ട് മത്സ്യമേഖല പൂർവസ്ഥിതിയിലാകും. ഇൻബോർഡ് –ഔട്ട്ബോർഡ് എൻജിൻ ഘടിപ്പിച്ച പരമ്പരാഗത വള്ളങ്ങൾക്കു മാത്രമായിരുന്നു നിരോധന കാലയളവിൽ മീൻപിടിത്തത്തിന് അനുമതി.
ഫിഷറീസ് വകുപ്പ് ബോട്ടുകളുടെ ഫിറ്റ്‌നസ് പരിശോധന പൂർത്തിക്കിയിരുന്നു. തമിഴ്‌നാട്ടിൽനിന്നുള്ള തൊഴിലാളികൾ രണ്ടുദിവസം മുമ്പുതന്നെ എത്തി ഒരുക്കം പൂർത്തിയാക്കി. ബോട്ടുകൾ കടലിൽ പേകുന്നത് തടഞ്ഞ് കൊല്ലത്ത് നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിപ്പിച്ച് ഫിഷറീസ് വകുപ്പ് സ്ഥാപിച്ച ചങ്ങല തിങ്കൾ അർധരാത്രി അഴിച്ചുമാറ്റി.