കണ്ണൂർ: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ കോളനി വരുന്നു. ക്വാര്‍ട്ടേഴ്‌സും ഓഫീസും ഒരുകുടക്കീഴില്‍ വരുന്ന പദ്ധതിക്കുവേണ്ടി കണ്‍സള്‍ട്ടൻസിയെ നിയമിച്ചു. കിഴക്കുഭാഗത്തുള്ള 2.26 ഏക്കര്‍ ഭൂമിയാണ് കോളനി നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.
റെയില്‍വേ കോളനി നവീകരണത്തില്‍ 105 ക്വാര്‍ട്ടേഴ്‌സ്, ഓഫീസ് സ്ഥലം എന്നിവ ഉള്‍പ്പെടും. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ 82 സ്റ്റേഷനുകളിലാണ് കോളനി പുനരുദ്ധാരണം നടക്കുന്നത്. 12,280 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് കണ്ണൂരില്‍ നിര്‍മാണം നടക്കുക. വോയന്റ്‌സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് സ്റ്റേഷൻ കോളനി റീഡെവലപ്‌മെന്റ് പദ്ധതിക്കായുള്ള പ്രോജക്‌ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടൻസി സേവനങ്ങള്‍ ചെയ്യുക. റെയില്‍ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ആര്‍.എല്‍.ഡി.എ) 3.82 കോടി രൂപയ്ക്കാണ് ടെൻഡര്‍ നല്കിയത്.