23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അതിഥിത്തൊഴിലാളികളുടെ വിവരം ആപ്പിലൂടെ ശേഖരിക്കും: മന്ത്രി രാജീവ്‌
Kerala

അതിഥിത്തൊഴിലാളികളുടെ വിവരം ആപ്പിലൂടെ ശേഖരിക്കും: മന്ത്രി രാജീവ്‌

മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച്‌ അതിഥിത്തൊഴിലാളികളുടെ വിവരം രജിസ്റ്റർ ചെയ്യാൻ സംവിധാനം ഒരുക്കുമെന്ന്‌ തൊഴിൽമന്ത്രി വി ശിവൻകുട്ടി അറിയിച്ചതായി മന്ത്രി പി രാജീവ്‌ പറഞ്ഞു. ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ വീട്‌ സന്ദർശിക്കുകയായിരുന്നു മന്ത്രി. അതിഥിത്തൊഴിലാളികളുടെ ക്യാമ്പുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കേസിൽ അന്വേഷണം ഉടൻ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച്‌ പ്രതിക്ക്‌ കടുത്തശിക്ഷ ഉറപ്പാക്കും. സംഭവം നടക്കുമ്പോൾ കണ്ണൂരിലായിരുന്നതിനാൽ അവിടെനിന്നുതന്നെ ഡിജിപിയോടും എഡിജിപിയോടും സംസാരിച്ച്‌ ഉടൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. രണ്ട്‌ മണിക്കൂറിനകം പൊലീസ്‌ പ്രതിയെ പിടികൂടി.
ഇത്തരം പ്രശ്‌നങ്ങളെ രാഷ്‌ട്രീയമോ മതമോ ആയി കൂട്ടിക്കുഴച്ച്‌ വൈകാരികമാക്കരുത്‌. സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശ്രമമാണ്‌ ഉണ്ടാകേണ്ടത്‌. കൊലപാതകം നടന്നത്‌ പൊലീസിന്‌ പരാതി ലഭിക്കുംമുമ്പാണ്‌. പ്രതിയുടെ പൂർവകാലചരിത്രം പൊലീസ്‌ അന്വേഷിക്കുന്നു. സമാനമായ പോക്‌സോ കേസിൽ ഇയാൾ പ്രതിയാണെന്ന്‌ സൂചനയുണ്ട്‌. ഇക്കാര്യവും അന്വേഷിക്കും.

ഇത്തരം സംഭവം നടന്നാൽ ഉടൻ പൊലീസിൽ അറിയിക്കണം. ആലുവയിൽ ചില സാമൂഹ്യവിരുദ്ധ താവളങ്ങൾ ഉള്ളതായി പരാതികളുണ്ട്‌. അത്തരം സ്ഥലങ്ങൾ തിരിച്ചറിഞ്ഞ്‌ നടപടിയെടുക്കും. ഇതിനായി ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. തിങ്കൾ രാത്രി 7.30നാണ്‌ മന്ത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയത്‌. ജില്ലാ കലക്ടർ എൻ എസ്‌ കെ ഉമേഷ്‌, ലേബർ ഓഫീസർ പി ജി വിനോദ്‌കുമാർ, സിപിഐ എം ഏരിയ സെക്രട്ടി എ പി ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗം വി സലിം എന്നിവരും ഒപ്പമുണ്ടായിരുന്നു.

എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും പെൺകുട്ടിയുടെ വീട്‌ സന്ദർശിച്ചു. കേസുമായി ബന്ധപ്പെട്ട് സർക്കാർ എല്ലാ സഹായവും ചെയ്യുമെന്ന്‌ ഇ പി ജയരാജൻ പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. സർക്കാർ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ഉറപ്പുനൽകി. അതിഥിത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ നടപടിയെടുക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

Related posts

കോവിഡ് കുതിക്കുന്നു: രാജ്യത്ത് 3,016 പേർക്ക് രോഗം; 40 ശതമാനം വർധനവ്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

Aswathi Kottiyoor

ചുരുളിക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്; ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ നിന്നുള്ള സൃഷ്ടിയെന്ന് എഡിജിപി അധ്യക്ഷനായ സമിതി

Aswathi Kottiyoor
WordPress Image Lightbox