ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. 5 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ എറണാകുളം ജില്ലാ പൊലീസ് മേധാവിക്കു കമ്മിഷൻ നിർദേശം നൽകി.
കേസിലെ പ്രതി ബിഹാർ സ്വദേശി അസഫാക് ആലമിനെ (28) കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് നൽകിയ അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്നു പരിഗണിക്കും. മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡ് നടത്താൻ കോടതി അനുവാദം നൽകിയിട്ടുണ്ട്. വിവിധയിടങ്ങളിൽ കുട്ടിയെയും പ്രതിയെയും ഒരുമിച്ചു കണ്ടവരോടു തിരിച്ചറിയൽ പരേഡിനു ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പോക്സോ നിയമത്തിലെ 4 വകുപ്പുകൾക്കു പുറമേ ഉപദ്രവിക്കണമെന്നും കൊലപ്പെടുത്തണമെന്നുമുള്ള ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, ലൈംഗികമായി ഉപദ്രവിക്കൽ, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
വധശിക്ഷയോ ജീവപര്യന്തമോ കിട്ടാവുന്ന വകുപ്പുകളാണു റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. തായിക്കാട്ടുകരയിൽ പ്രതി താമസിച്ചിരുന്ന മുറിയിൽ ലഹരി സൂക്ഷിച്ചിരുന്നോ എന്നു കണ്ടെത്താനായി എക്സൈസ് സംഘം പരിശോധന നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ്, യുവമോർച്ച, എൽഡിഎഫ് പ്രവർത്തകർ മാർച്ച് നടത്തി. പൊലീസിനു വീഴ്ച പറ്റിയെന്നും സംസ്കാര ചടങ്ങിൽ മന്ത്രിയോ കലക്ടറോ പങ്കെടുക്കാതെ അനാദരം കാണിച്ചെന്നും ആരോപിച്ചാണ് കോൺഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റിയും യുവമോർച്ച പ്രവർത്തകരും റൂറൽ എസ്പി ഓഫിസ് മാർച്ച് നടത്തിയത്.
ഒൻപതു വർഷം മുൻപു പൊളിച്ച നഗരസഭ മാർക്കറ്റ് പുനർ നിർമിക്കാത്തതു മൂലമാണു അവിടെ കൊലപാതകവും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു എൽഡിഎഫിന്റെ ആലുവ നഗരസഭ ഓഫിസ് മാർച്ച്. കൊല്ലപ്പെട്ട കുട്ടിയുടെ തായിക്കാട്ടുക്കരയിലെ വീട് മന്ത്രി പി. രാജീവും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനും സന്ദർശിച്ചു.