നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്ന ലക്ഷ്യവുമായി ജില്ലയില്‍ ഊര്‍ജ്ജ സംരക്ഷണ ക്ലാസുകള്‍ക്ക് ആഗസ്ത് മാസത്തില്‍ തുടക്കമാവും. ആദ്യഘട്ടത്തില്‍ അഞ്ഞൂറ് ക്ലാസുകളാണ് ജില്ലയില്‍ സംഘടിപ്പിക്കുക. ഹരിത കേരളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍, സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ്, അനര്‍ട്ട്, കുടുംബശ്രീ മിഷന്‍, ശുചിത്വമിഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്ലാസുകള്‍. നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ഏഴ് ഗ്രാമ പഞ്ചായത്തുകളിലും (ഉദയഗിരി, ചെറുകുന്ന്, കുറുമാത്തൂര്‍, കണ്ണപുരം, പായം, മുഴക്കുന്ന്, പെരളശ്ശേരി പഞ്ചായത്തുകള്‍) തുടര്‍ഘട്ട കാര്‍ബണ്‍ എമിഷന്‍ ഫ്രീ തദ്ദേശ സ്ഥാപനങ്ങളാവാന്‍ താല്‍പര്യമുള്ള തദ്ദേശ സ്ഥാപനങ്ങളിലുമാണ് ആദ്യഘട്ട ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
ഗ്രന്ഥശാലകള്‍, സ്‌കൂളുകള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, വ്യാപാരി സംഘടനകള്‍ എന്നിവയുടെ സഹായത്തോടെയാണ് ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. ഊര്‍ജ്ജ സംരക്ഷണ ക്ലാസുകള്‍ക്ക് പുറമേ എല്‍ ഇ ഡി ബള്‍ബുകളുടെ റിപ്പയര്‍ കേന്ദ്രങ്ങള്‍ ആരംഭിക്കല്‍, ചൂടാറാപ്പെട്ടികള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചേര്‍ന്ന ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയന്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ മിഷന്‍ കോ -ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍, കെ എസ് ഇ ബി കണ്ണൂര്‍ ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ എം ശ്രീലാ കുമാരി, കെ എസ് ഇ ബി കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ അസി. എഞ്ചിനീയര്‍ ജയപ്രകാശ്, അനര്‍ട്ട് ജില്ലാ കോ – ഓഡിനേറ്റര്‍ മുഹമ്മദ് റാഷിദ്, ബൈജു കൂടാളി എന്നിവര്‍ സംസാരിച്ചു