21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ലോക്ഡൗണിൽ പ്രണയം, ഒളിച്ചോട്ടം, വിവാഹം; ഒടുവില്‍ ‘ട്രിപ്പിൾ’ കൊലപാതകം
Uncategorized

ലോക്ഡൗണിൽ പ്രണയം, ഒളിച്ചോട്ടം, വിവാഹം; ഒടുവില്‍ ‘ട്രിപ്പിൾ’ കൊലപാതകം

ഗുവാഹത്തി∙ അസമിലെ ഗോലാഘട്ട് ജില്ലയിൽ നടന്ന ‘ലോക്ഡൗൺ പ്രണയകഥ’ ട്രിപ്പിൾ കൊലപാതകത്തിൽ അവസാനിച്ചു. നസിബുർ റഹ്മാൻ ബോറയും (25) സംഘമിത്ര ഘോഷും (24) തമ്മിലുള്ള ബന്ധമാണ്, സംഘമിത്രയുടെയും അവരുടെ മാതാപിതാക്കളായ സഞ്ജീവ് ഘോഷിന്റെയും ജുനു ഘോഷിന്റെയും കൊലപാതകത്തിൽ കലാശിച്ചത്. സംഘമിത്രയെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയശേഷം ഒൻപത് മാസം പ്രായമുള്ള കുഞ്ഞുമായി പ്രതി നസിബുർ റഹ്മാൻ ബോറ പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു.
പൊലീസ് പറയുന്നത്: 2020 ജൂണിൽ ലോക്ഡൗൺ സമയത്ത്, മെക്കാനിക്കൽ എൻജിനീയറായ നസിബുറും സംഘമിത്രയും ഫെയ്സ്ബുക്കിൽ സുഹൃത്തുക്കളായി. സൗഹൃദം മാസങ്ങൾക്കുള്ളിൽ പ്രണയമായി മാറുകയും അതേ വർഷം ഒക്ടോബറിൽ ഇരുവരും കൊൽക്കത്തയിലേക്ക് ഒളിച്ചോടുകയും ചെയ്തു. എന്നാൽ, സംഘമിത്രയുടെ മാതാപിതാക്കൾ അവളെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. പക്ഷേ, ഇരുവരും തമ്മിൽ വിവാഹം കഴിച്ചിരുന്നു. അടുത്ത വർഷം, സംഘമിത്രയുടെ മാതാപിതാക്കളായ സഞ്ജീവ് ഘോഷും ജുനു ഘോഷും സംഘമിത്രക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് പൊലീസിൽ പരാതി നൽകി. സംഘമിത്രയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒരു മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയും ചെയ്തു. ജാമ്യം ലഭിച്ച ശേഷം സംഘമിത്ര സ്വന്തം വീട്ടിലേക്ക് മടങ്ങി.

2022 ജനുവരിയിൽ, സംഘമിത്രയും നസിബുറും വീണ്ടും ഒളിച്ചോടി. ഇരുവരും ചെന്നൈയിൽ അഞ്ച് മാസം താമസിച്ചു. ഓഗസ്റ്റിൽ ഗോലാഘട്ടിൽ തിരിച്ചെത്തി. അപ്പോൾ സംഘമിത്ര ഗർഭിണിയായിരുന്നു. നാസിബുറിന്റെ വീട്ടിൽ താമസം തുടങ്ങിയ ഇവർക്ക് കഴിഞ്ഞ നവംബറിൽ ഒരു മകനുണ്ടായി.

എന്നാൽ, ഈ വർഷം മാർച്ചിൽ, സംഘമിത്ര കുഞ്ഞുമായി നസിബുറിന്റെ വീട് വിട്ട് സ്വന്തം വീട്ടിലേക്ക് മടങ്ങി. നസിബുർ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് സംഘമിത്ര പൊലീസിൽ പരാതി നൽകി. പൊലീസ് വധശ്രമത്തിന് കേസ് റജിസ്റ്റർ ചെയ്യുകയും നസിബുറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 28 ദിവസത്തിന് ശേഷം നസിബുർ ജാമ്യത്തിൽ പുറത്തിറങ്ങി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ നസിബുർ കുഞ്ഞിനെ കാണാൻ ആഗ്രഹിച്ചെങ്കിലും സംഘമിത്രയുടെ കുടുംബം അനുവദിച്ചില്ല.

ഏപ്രിൽ 29ന്, സംഘമിത്രയും അവളുടെ കുടുംബാംഗങ്ങളും നസിബുറിനെ ആക്രമിച്ചതായി ആരോപിച്ച് നസിബുറിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. ജൂലൈ 26 തിങ്കളാഴ്ച ഉച്ചയോടെ ഇരുവിഭാഗവും തമ്മില്‍ സംഘർഷമുണ്ടായി. ഇതിനിടെ, നസിബുർ ഭാര്യ സംഘമിത്രയെയും അവരുടെ മാതാപിതാക്കളെയും കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒൻപത് മാസം പ്രായമുള്ള മകനെയും കൊണ്ട് കടന്നുകളഞ്ഞു. പിന്നീട് പൊലീസിന് മുന്നിൽ കീഴടങ്ങി. പ്രതിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Related posts

പ്രിയ വർ​ഗീസിന്റെ നിയമനം നിലനിൽക്കില്ലെന്ന് യുജിസി, സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

Aswathi Kottiyoor

രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം അടിസ്ഥാന രഹിതം; തെറ്റിദ്ധരിപ്പിക്കരുതെന്നും മെഡി. കോളേജ് ഓർത്തോ വിഭാഗം

Aswathi Kottiyoor

ഇരിട്ടി മാടത്തിൽ പഴശ്ശി റിസർവോയറിൽ മത്സ്യവിത്ത് നിക്ഷേപം.

Aswathi Kottiyoor
WordPress Image Lightbox