ഇരിട്ടി: ഇരിട്ടി- പേരാവൂർ- നെടുംപൊയിൽ റൂട്ടിൽ മൂന്നിടങ്ങളിൽ മരം പൊട്ടി വീണ് ഗതാഗതം മുടങ്ങി. കാലവർഷം ആരംഭിച്ചതിന് ശേഷം ഈ റൂട്ടിൽ നിരവധി തവണയാണ് മരം വീണ് ഗതാഗതം സ്തംഭിക്കുന്നത്.
തിങ്കളാഴ്ച രാവിലെ ആറു മണിയോടെ തെറ്റുവഴിയിൽ മരം കടപുഴകി വീണ് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടത് . ഇതിന് പിന്നാലെ കാക്കയങ്ങാട് ഉളീപ്പടിയിലും, കല്ലേരിമല പെട്രോൾ പമ്പിന് സമീപവും മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സമുണ്ടായി. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത് . അപകട സമയത്ത് ഇതുവഴി വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇരിട്ടിയിൽ നിന്നും പേരാവൂരിൽ നി്ന്നും അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
രം വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീഴുന്നതുമൂലം പ്രദേശങ്ങളിൽ വൈദ്യുതി,കേബിൾ ബന്ധങ്ങളും തകരാറിലായി. മഴക്കാലത്തിനു മുൻപേ തന്നെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന് സർക്കാർ നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ ഇത് നടപ്പാലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചതാണ് തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
വാരപ്പീടിക മുതൽ നിടുംപൊയിൽ വരെയും പെരുമ്പുന്ന മുതൽ കാക്കയങ്ങാട് വരെയുമാണ് അപകടാവസ്ഥയിലുള്ള മരങ്ങൾ ഏറെയുള്ളത്. കനത്ത മഴയിൽ ഭൂമിയിൽ നീർച്ചാലുകൾ രൂപപ്പെട്ടതോടെ അടിഭാഗം ദ്രവിച്ച മരങ്ങൾ നിലം പൊത്താനുള്ള സാധ്യത ഏറെയാണ്.