23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ?; ആറ്റിങ്ങലിൽ വി.മുരളീധരൻ, ഇടഞ്ഞ് ശോഭ
Uncategorized

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ?; ആറ്റിങ്ങലിൽ വി.മുരളീധരൻ, ഇടഞ്ഞ് ശോഭ

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശോഭാ സുരേന്ദ്രന്റെ പരസ്യ പ്രതികരണങ്ങൾ ബിജെപിയിൽ വീണ്ടും ഗ്രൂപ്പ് തർക്കങ്ങൾ പരസ്യമാക്കുന്നു. ശോഭയെ മുന്നിൽ നിർത്തി കെ.സുരേന്ദ്രനെതിരെ മറുപക്ഷം നയിക്കുന്ന യുദ്ധമാണെന്ന വ്യാഖാനമാണു സുരേന്ദ്രനൊപ്പം നിൽക്കുന്നവർ നൽകുന്നത്. ശോഭ സുരേന്ദ്രന്റെ പ്രതികരണങ്ങൾ അവഗണിക്കാനാണു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കെ.സുരേന്ദ്രൻ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറുമെന്നു പ്രതീക്ഷിച്ചിരുന്ന വിഭാഗം നേതൃമാറ്റമില്ലെന്നു മനസ്സിലാക്കിയതോടെ ഗ്രൂപ്പ് പോരിലേക്ക് ഇറങ്ങിയെന്നും സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നു.

അതിനിടെ ഓരോ സംസ്ഥാനത്തും തിരഞ്ഞെടുപ്പിനു മുന്നോടിയായി കൈക്കൊള്ളേണ്ട രാഷ്ട്രീയനീക്കങ്ങൾ ചർച്ച ചെയ്യുന്നതിനു സംസ്ഥാന നേതാക്കളെ ദേശീയ നേതൃത്വം പ്രത്യേകം കാണുന്നുണ്ട്. കെ.സുരേന്ദ്രൻ ഈ ചർച്ചകൾക്കായി ഡൽഹിയിലെത്തി.തിരുവനന്തപുരം സീറ്റിലേക്കു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മത്സരിച്ചേക്കുമെന്ന സന്ദേശം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിനു കൈമാറിയെന്ന സൂചനകളുണ്ട്. രാജീവ് ചന്ദ്രശഖറോടു തിരുവനന്തപുരം കേന്ദ്രീകരിച്ചു പരിപാടികളിൽ പങ്കെടുക്കണമെന്നു നിർദേശിച്ചുവെന്ന വിവരമാണു നേതാക്കൾ കൈമാറുന്നത്. എന്നാൽ ഇപ്പോഴും കർണാടക കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. കേരളത്തിൽ മത്സരിക്കുന്നതിനു മുന്നോടിയായി കേരളത്തിന്റെ കോർ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തിയേക്കുമെന്ന വിവരമുണ്ട്.

രാജീവ് ചന്ദ്രശേഖർ വരുന്നതിനോട് ആർഎസ്എസ് നേതൃത്വവും താൽപര്യം ദേശീയതലത്തിൽ അറിയിച്ചുവെന്നാണു വിവരം. ആദ്യ റൗണ്ട് ചർച്ചയിൽ രാജീവ് ചന്ദ്രശേഖർ എന്ന പേര് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തു ദേശീയ നേതൃത്വത്തിൽ നിന്നു തന്നെ മൽസരിക്കാനാളെത്തുമെന്ന കാര്യത്തിൽ മാറ്റമില്ല. സംസ്ഥാന നേതാക്കളെ മാറ്റി പരീക്ഷിച്ചിട്ടു കാര്യമില്ലെന്നു ദേശീയ നേതൃത്വത്തിനും വ്യക്തതയുണ്ട്.

ആറ്റിങ്ങൽ മണ്ഡലത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരനോടു ശ്രദ്ധിക്കാനാണു നിർദേശിച്ചിട്ടുള്ളത്. ആറ്റിങ്ങൽ മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്ഥാനാർഥിയായിരുന്ന ശോഭ സുരേന്ദ്രൻ രണ്ടര ലക്ഷത്തിലേറെ വോട്ടു പിടിച്ചിരുന്നു. ശോഭ സുരേന്ദ്രന് അടുപ്പമുള്ള മണ്ഡലമായതിനാൽ വീണ്ടും ആ സീറ്റ് അവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ വി.മുരളീധരൻ മന്ത്രിയായ ശേഷം ആറ്റിങ്ങൽ മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങുകയും അവിടെ പാർട്ടി ഘടകങ്ങളിൽ മത്സരസൂചന നൽകുകയും ചെയ്തു. ഇതാണ് ശോഭയെ ചൊടിപ്പിച്ചതും ഇപ്പോഴത്തെ പരസ്യ പ്രതികരണത്തിലേക്കു നയിച്ചതും.

Related posts

അവരുടെ മാനസികാരോഗ്യവും നമുക്ക് പ്രധാനമാണ്; വയനാട്ടിലേക്ക് കൗണ്‍സലര്‍മാരെ ക്ഷണിക്കുന്നു

Aswathi Kottiyoor

2 മണിക്കൂർ മുൻപ് മാത്രമാണ് പണിമുടക്കിന്റെ വിവരം അറിഞ്ഞതെന്ന് എയർ ഇന്ത്യ, പ്രതിഷേധിച്ച് യാത്രക്കാർ

കൈപ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ കയറ്റി വിട്ട സംഭവം; അഞ്ച് പേർ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox