രണ്ടാം കുട്ടനാട് പാക്കേജിൽ ഉൾപ്പെട്ട 41 പദ്ധതികൾക്ക് 37 കോടി രൂപയുടെ ഭരണാനുമതി നൽകി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, ഹരിപ്പാട്, ചങ്ങനാശേരി, ഏറ്റുമാനൂർ, കോട്ടയം കടുത്തുരുത്തി, ചേർത്തല, വൈക്കം മണ്ഡലങ്ങളിലെ വിവിധ പദ്ധതികൾക്കായാണ് പണം അനുവദിച്ചത്. തുടർ നടപടി ഉടൻ ആരംഭിക്കണമെന്നും മന്ത്രി നിർദേശിച്ചു.
2020 സെപ്തംബറിലാണ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്. കുട്ടനാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജലവിഭവം, കൃഷി, ഫിഷറീസ്, ടൂറിസം അടക്കം ഒൻപത് വകുപ്പുകളുടെ പദ്ധതിയിൽപ്പെടുത്തിയാണ് പാക്കേജ് പ്രഖ്യാപിച്ചത്. കുട്ടനാട്ടിലെ കാർഷികമേഖലയുടെ വളർച്ചയും കർഷകവരുമാനത്തിന്റെ തോതും വർധിപ്പിക്കുക, വേമ്പനാട് കായൽവ്യവസ്ഥയെ പാരിസ്ഥിതിക ആഘാതങ്ങൾ താങ്ങാൻ കഴിയുന്ന സ്ഥിതിയിലാക്കുക, പ്രദേശവാസികളെ സുരക്ഷിതമായി ജീവിക്കാൻ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്.