ഉളിക്കൽ: കർണ്ണാടക വനമേഖലയിൽ ശക്തമായ മഴയെത്തുടർന്ന് ഉരുൾ പൊട്ടൽ ഉണ്ടായതായി സംശയം. ശക്തമായ മലവെള്ളപ്പാച്ചലിൽ മണിക്കടവ് ചപ്പാത്ത് പാലം , വട്ട്യം തോട്, വയത്തൂർ പാലങ്ങളിൽ വെള്ളം കയറി. നുച്യാട് , പൊയ്യൂർക്കരി, മുണ്ടാനൂർ മേഖലകളിലെ കൃഷിയിടങ്ങൾ വെള്ളത്തിലായി. മണിക്കടവിൽ രണ്ടു വീടുകളിലും നിരവധി കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി.
തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെ ആയിരുന്നു വെള്ളത്തിന്റെ കുത്തൊഴുക്ക് തുടങ്ങിയത്. കർണാടക വനമേഖലകളിൽ ശക്തമായി പെയ്യുന്ന മഴയെത്തുടർന്ന് ഉരുൾ പൊട്ടൽ ഉണ്ടായതാണ് ഇത്തരത്തിൽ മലവെള്ളപ്പാച്ചിലിനു ഇടയാക്കിയത് എന്നാണ് നിഗമനം. മഴതുടരുന്ന സാഹചര്യത്തിൽ മേഖലയിലെ പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സ്ഥലങ്ങൾ സന്ദര്ശിച്ച ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. സി. ഷാജിയും ഉളിക്കൽ പോലീസും റവന്യൂ അധികൃതരും ആവശ്യപ്പെട്ടു.