26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കർഷകർക്ക് കൃഷിവകുപ്പ് നൽകാനുള്ളത് 70.63 കോടി
Uncategorized

കർഷകർക്ക് കൃഷിവകുപ്പ് നൽകാനുള്ളത് 70.63 കോടി

തിരുവനന്തപുരം ∙ സംഭരിച്ച കാർഷിക വിളകൾക്കുള്ള വില, കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം, വിള ഇൻഷുറൻസ് എന്നീ ഇനങ്ങളിൽ കൃഷി വകുപ്പ് കർഷകർക്കു നൽകാനുള്ള കുടിശിക 70.63 കോടി രൂപ. 6 മാസം മുതൽ 2 വർഷം വരെയായ കുടിശികയുണ്ട്. തുക അനുവദിക്കാൻ കൃഷിവകുപ്പ് ധനവകുപ്പിനു പലതവണ കത്തെഴുതിയെങ്കിലും പണമില്ലെന്ന മറുപടിയാണു ലഭിച്ചത്. ഓണത്തിനുമുൻപ് തുക വിതരണം ചെയ്യുമോയെന്ന ചോദ്യത്തിനും കൃഷിവകുപ്പിനു വ്യക്തമായ മറുപടിയില്ല.

കുടിശിക ഇപ്രകാരം
∙ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം: 39.08 കോടി

∙ വിള ഇൻഷുറൻസ് തുക: 29.50 കോടി

∙ ഹോർട്ടികോർപിന്റെ വിളസംഭരണം: 2.05 കോടി

സംഭരിച്ച വിളകളുടെ പണം തന്നെ കിട്ടാനിരിക്കെ, ഹോർട്ടികോർപിനു പച്ചക്കറിയും പഴങ്ങളും നൽകാൻ കർഷകർ മടിക്കുകയാണ്. വയനാട്, മലപ്പുറം ജില്ലകളിൽ കഴിഞ്ഞ ഒക്ടോബർ മുതലുള്ള തുക കുടിശികയാണ്; മറ്റു ജില്ലകളിൽ ഇക്കൊല്ലം ജനുവരി മുതലും. ഓണത്തിനുമുൻപ് കുടിശിക തീർക്കാനാണു ശ്രമമെന്നും ഈ സീസണിലേക്കുള്ള സംഭരണത്തിനുകൂടി സർക്കാരിൽനിന്നു പണം പ്രതീക്ഷിക്കുന്നതായും ഹോർട്ടികോർപ് എംഡി ജെ.സജീവ് അറിയിച്ചു.

പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാരം 2021 ജൂൺ മുതൽ മുടങ്ങിക്കിടക്കുകയാണ്. പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നു കൃഷിവകുപ്പ് പറയുന്നു. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരമാകട്ടെ, കഴിഞ്ഞവർഷം ഏപ്രിൽ വരെയുള്ള തുകയേ വിതരണം ചെയ്തിട്ടുള്ളൂ. ബജറ്റിൽ 30 കോടി രൂപ നീക്കിവച്ചിരുന്നെങ്കിലും പഴയ കുടിശിക തീർക്കാനേ ഇതു തികഞ്ഞുള്ളൂ. നെല്ലുസംഭരണത്തിന്റെ വിലയായി സപ്ലൈകോ നൽകാനുള്ള 400 കോടി രൂപ അനിശ്ചിതത്വത്തിലായിരിക്കെയാണ് കൃഷിവകുപ്പും കർഷകർക്കു മുന്നിൽ കൈമലർത്തുന്നത്.

ഇക്കൊല്ലം മാത്രം 450 കോടിയുടെ കൃഷിനാശം

ഇക്കൊല്ലം ജനുവരി മുതൽ ഇതുവരെ സംസ്ഥാനത്ത് 450 കോടി രൂപയുടെ കൃഷിനാശമുണ്ടായെന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. ഒന്നര ലക്ഷം കർഷകരെ ഇതു ബാധിച്ചു. ഈ മാസം മാത്രം 175 കോടിയുടെ നഷ്ടം. ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് നഷ്ടപരിഹാരം കിട്ടാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നേക്കാം.

Related posts

നവകേരള സദസ് ഇന്ന് കൊല്ലം ജില്ലയിൽ

Aswathi Kottiyoor

അച്ഛൻ വിറ്റാമിൻ ഗുളികയാണെന്ന് പറഞ്ഞാണ് തന്നത്’; നാലു പേർ വിഷം കഴിച്ച സംഭവത്തിൽ മകന്റെ നിർണായക മൊഴി

Aswathi Kottiyoor

ഇൻഷൂറൻസ് ഉണ്ടായിട്ടും ചികിത്സയ്ക്ക് പണം നൽകിയില്ല, മലപ്പുറത്തെ വൃദ്ധന് ചെലവായതും നഷ്ടപരിഹാരവും കമ്പനി നൽകണം

Aswathi Kottiyoor
WordPress Image Lightbox