23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഉത്തരേന്ത്യയിൽ മഴ കനത്തു ; കരകവിഞ്ഞ് യമുന , ഹിമാചലിലും ഗുജറാത്തിലുമായി 7 പേർ മരിച്ചു
Kerala

ഉത്തരേന്ത്യയിൽ മഴ കനത്തു ; കരകവിഞ്ഞ് യമുന , ഹിമാചലിലും ഗുജറാത്തിലുമായി 7 പേർ മരിച്ചു

ഉത്തരാഖണ്ഡിലും ഹിമാചലിലും മഴ കനത്തതോടെ യമുനാ നദിയിൽ ജലനിരപ്പ്‌ വീണ്ടും അപകടരേഖയ്‌ക്ക്‌ മുകളിലെത്തി. ഞായർ വൈകിട്ടോടെ ജലനിരപ്പ്‌ 206.31 മീറ്ററായി ഉയർന്നു. ഹരിയാനയിലെ ഹത്‌നികുണ്ഡ്‌ തടയണയിൽനിന്ന്‌ വലിയതോതിൽ വെള്ളം തുറന്നുവിട്ടതോടെയാണ്‌ യമുനയിലെ ജലനിരപ്പ്‌ അപകടരേഖ കടന്നത്‌. ഹിമാചലിലും ഉത്തരാഖണ്ഡിലും ഞായറാഴ്‌ചയും മഴ തുടർന്നു. ഉത്തരകാശിയിൽ മഴയിൽ വലിയ നാശനഷ്ടം സംഭവിച്ചു. ഹിമാചലിലെ ഷിംല, കിന്നോർ ജില്ലകളിൽ മണ്ണിടിച്ചിലിനെ തുടർന്ന്‌ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ഹിമാചലിലും ഗുജറാത്തിലുമായി ഏഴുപേർ മരിച്ചു.

യമുനയിൽ ജലനിരപ്പ്‌ ഉയർന്നതോടെ ഡൽഹി സർക്കാർ അതീവ ജാഗ്രതയിലാണെന്ന്‌ മന്ത്രി അതിഷി അറിയിച്ചു. യമുനയുടെ തീരങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിച്ചുതുടങ്ങി. ഹത്‌നികുണ്ഡ്‌ തടയണയിൽനിന്നും രണ്ടു ലക്ഷത്തിലേറെ ക്യുസെക്‌സ്‌ വെള്ളമാണ്‌ ഒഴുക്കിയത്‌. കിഴക്കൻ യമുനാ കനാലും പടിഞ്ഞാറൻ യമുനാ കനാലും ഹരിയാന സർക്കാർ അടച്ചതോടെ ഹിമാലയത്തിൽനിന്ന്‌ ഒഴുകിയെത്തുന്ന വെള്ളം പൂർണമായും നദിയിലൂടെ തന്നെ പ്രവഹിക്കുകയാണ്‌. ഇതിന്‌ പുറമേയാണ്‌ ഹത്‌നികുണ്ഡിൽ നിന്നുള്ള ഒഴുക്ക്‌. ഇത്‌ പൂർണമായും ഡൽഹിയിലെത്താൻ ഇനിയും മണിക്കൂറുകളെടുക്കും.

യമുനയ്‌ക്ക്‌ പുറമെ ഹിൻഡൻ നദിയിലും വെള്ളം ഉയർന്നതോടെ ഡൽഹിയോടു ചേർന്നുള്ള നോയിഡ, ഗാസിയാബാദ്‌ മേഖലകൾ പ്രളയഭീതിയിലായി. ജനവാസമേഖലകളിലേക്ക്‌ വെള്ളം കയറിയതോടെ നൂറുകണക്കിന്‌ കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക്‌ മാറ്റി. പ്രളയസ്ഥിതിയെ കുറിച്ച്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷാ ഡൽഹി ലെഫ്‌. ഗവർണർ വി കെ സന്‌സേനയോട്‌ സംസാരിച്ചു.

ഹിമാചലിൽ 8000 കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ്‌ സുഖു അറിയിച്ചു. മഹാരാഷ്‌ട്രയിൽ താനെ ജില്ലയിലെ തൻസാ അണക്കെട്ട്‌ നിറഞ്ഞുകവിയാൻ സാധ്യതയുള്ളതിനാൽ താനെ, പാൽഘർ ജില്ലകളിലെ ഷഹാപുർ, ഭിവണ്ടി, വസായ് താലൂക്കുകളിലെ ഗ്രാമങ്ങളിൽ ജാഗ്രതാ നിർദേശം നൽകി.
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ കനത്ത മഴയെ തുടർന്ന്‌ അമ്പതോളം കെട്ടിടം തകർന്നു. നിരവധി റോഡുകൾക്കും നാശനഷ്ടം സംഭവിച്ചു. 40 ഗ്രാമങ്ങളിലേക്കുള്ള വൈദ്യുതിയും മുടങ്ങി. വ്യാപക കൃഷിനാശവുമുണ്ടായി.

ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം
കനത്ത മഴയെത്തുടർന്ന് ഗുജറാത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ്‌. ഞായർ രാവിലെ ആറുവരെ 241 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയ ജുനഗഢിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. മൂവായിരത്തോളം പേരെ ഇവിടെനിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നഗരത്തിൽ രൂക്ഷമായ വെള്ളപ്പൊക്കം കാറുകൾ പരസ്പരം കൂട്ടിയിടിക്കുന്നതിനും വാഹനങ്ങളും കന്നുകാലികളും ഒഴുകിപ്പോകുന്നതിനും കാരണമായി. രണ്ട് ദേശീയ പാതകളും 10 സംസ്ഥാന പാതകളും 300 ഗ്രാമീണ റോഡുകളും ശനിയാഴ്ച അടച്ചിരുന്നു.

Related posts

ബില്ലുകൾ പിടിച്ചുവയ്‌ക്കുന്നത്‌ ചോദ്യം ചെയ്യാം ; ഗവർണർക്കെതിരെ നിയമോപദേശം

Aswathi Kottiyoor

ഹെഡ്മാസ്റ്റര്‍ ഇനി വൈസ് പ്രിന്‍സിപ്പല്‍, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പിക്കില്ല.

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസ്: സുപ്രീം കോടതിയിലെ വിടുതല്‍ഹര്‍ജി ദിലീപ് പിന്‍വലിച്ചു.

Aswathi Kottiyoor
WordPress Image Lightbox