24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നെൽകർഷകർക്ക് ഓണത്തിന് കുമ്പിളിൽ കഞ്ഞി; 400 കോടി വായ്പ കിട്ടിയേക്കില്ല
Kerala

നെൽകർഷകർക്ക് ഓണത്തിന് കുമ്പിളിൽ കഞ്ഞി; 400 കോടി വായ്പ കിട്ടിയേക്കില്ല

സപ്ലൈകോ നടത്തിയ നെല്ലുസംഭരണത്തിന്റെ വിലയായി കർഷകർക്കുള്ള കുടിശിക തീർക്കാൻ ബാങ്ക് കൺസോർഷ്യത്തിൽനിന്നു 400 കോടി രൂപ വായ്പ ലഭിക്കാൻ സാധ്യത മങ്ങി. ഇതോടെ ആയിരക്കണക്കിനു കർഷകർ ഓണക്കാലത്തു കടത്തിലാകുന്ന സ്ഥിതിയാകും. മന്ത്രിസഭാ ഉപസമിതിയും ധനകാര്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെ പലതവണ ചർച്ച നടത്തിയെങ്കിലും ഒരു മാസമായിട്ടും കൺസോർഷ്യത്തിൽനിന്ന് അനുകൂല പ്രതികരണമില്ല. ഹെഡ് ഓഫിസിൽനിന്നു മറുപടിക്കായി കാത്തിരിക്കുകയാണെന്നാണു ബാങ്ക് പ്രതിനിധികളുടെ മറുപടി. എസ്ബിഐ, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ അടങ്ങുന്നതാണ് കൺസോർഷ്യം

മുൻപു കേരള ബാങ്കിൽനിന്നു സപ്ലൈകോ വായ്പയെടുത്തിരുന്നെങ്കിലും കർഷകർക്കു തുക നൽകുന്നതിൽ വന്ന കാലതാമസത്തെ ചൊല്ലി സപ്ലൈകോയും കേരള ബാങ്കും പരസ്യ പ്രസ്താവനകളുമായി ഏറ്റുമുട്ടിയിരുന്നു. ഇതോടെ ഇനി വായ്പ നൽകേണ്ടതില്ലെന്ന നിലപാടിലാണു കേരള ബാങ്ക്. വായ്പയ്ക്കായി കേരള ബാങ്കിനെ സമീപിക്കാതെ ബാങ്ക് കൺസോർഷ്യത്തെ തേടിപ്പോയ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നടപടികളും അതൃപ്തിക്കു പിന്നിലുണ്ട്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സിപിഐയുടെയും കേരള ബാങ്ക് ഉൾപ്പെടുന്ന സഹകരണ മേഖല സിപിഎമ്മിന്റെയും കീഴിലാണ്.

വായ്പയുടെ ബാധ്യത കർഷകന്

വായ്പയ്ക്കു സർക്കാരിനുവേണ്ടി സപ്ലൈകോയും കൺസോർഷ്യവും തമ്മിലാണു ധാരണയിൽ എത്തുന്നതെങ്കിലും സർക്കാർ ഗാരന്റി പേരിനു മാത്രമാണ്. കർഷകർക്കു സപ്ലൈകോ നൽകുന്ന പാഡി രസീത് ഷീറ്റിനെ (പിആർഎസ്) ആധാരമാക്കി ഓരോ കർഷകന്റെയും അക്കൗണ്ടുകളിലേക്കു ബാങ്കുകൾ തുക അനുവദിക്കുകയാണു ചെയ്യുന്നത്. 

ഇതിനെ പിആർഎസ് വായ്പ എന്നാണ് പറയുക. ഇതിന്റെ പലിശ സർക്കാർ വഹിക്കും. സപ്ലൈകോയുടെ തിരിച്ചടവു മുടങ്ങിയാൽ കർഷകന്റെ സിബിൽ സ്കോറിനെ ബാധിക്കും. ഒരു കിലോ നെല്ലിന് 28.20 രൂപയാണു സപ്ലൈകോ നൽകുന്ന സംഭരണ വില. ഇതിൽ 21.83 രൂപ കേന്ദ്രത്തിന്റെയും ബാക്കി സംസ്ഥാനത്തിന്റെയും വിഹിതമാണ്. 

കേന്ദ്ര സർക്കാർ നൽകുന്ന താങ്ങുവില ഇനത്തിൽ 500 കോടി രൂപ മാത്രമാണു കുടിശികയെങ്കിൽ സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതത്തിൽ 1100 കോടി രൂപ നൽകാനുണ്ട്. സംസ്ഥാന സർക്കാർ ഒരു വർഷമായി സപ്ലൈകോയ്ക്കു പണം നൽകിയിട്ടില്ല.

Related posts

തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി

Aswathi Kottiyoor

കുടിശിക കിട്ടാതെ മരിച്ചത് 77,000 പെ‍ൻഷൻകാർ

Aswathi Kottiyoor

സര്‍ക്കാര്‍ സബ്സിഡികളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇനി ആധാര്‍ നിര്‍ബന്ധം

Aswathi Kottiyoor
WordPress Image Lightbox