23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തിരഞ്ഞെടുപ്പു ചർച്ചകളിലേക്ക് പുതുപ്പള്ളി: എൽഡിഎഫിന്റെ പരിഗണനയിൽ റജി സഖറിയ, ജെയ്ക്?
Uncategorized

തിരഞ്ഞെടുപ്പു ചർച്ചകളിലേക്ക് പുതുപ്പള്ളി: എൽഡിഎഫിന്റെ പരിഗണനയിൽ റജി സഖറിയ, ജെയ്ക്?

തിരുവനന്തപുരം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് എന്ന യാഥാർഥ്യത്തിലേക്കും ചർച്ചയിലേക്കും കേരളത്തിലെ മുന്നണികൾ കടക്കുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തു നടക്കുന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പിനാണു പുതുപ്പള്ളി വേദിയാകുന്നത്. പി.ടി.തോമസിന്റെ നിര്യാണത്തെ തുടർന്ന് തൃക്കാക്കരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടാ‍ൻ യുഡിഎഫിനായി. 2021 ഡിസംബറിൽ പി.ടി അന്തരിച്ചതിനെ തുടർന്ന്, 6 മാസം തികയുന്നതിനു തൊട്ടു മുൻപ് മേയ് 31നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 2 ഉപതിരഞ്ഞെടുപ്പുകളും കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളിലാണെന്ന പ്രത്യേകതയുണ്ട്.

ഉമ്മൻ ചാണ്ടിയും പുതുപ്പള്ളിയും തമ്മിൽ 1970 ൽ തുടങ്ങിയ സ്നേഹബന്ധം ഒരു ഉലച്ചിലും തട്ടാതെയാണ് 53 വർഷം പൂർത്തിയാക്കിയത്. അദ്ദേഹത്തിന്റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷും 70 ലേതാണ്: 7128. പിന്നീട് 2 തവണ മാത്രമേ അദ്ദേഹത്തിന്റെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെ പോയുള്ളൂ.1987 ൽ വി.എൻ.വാസവനെതിരേ 9164, 2021 ൽ ജെയ്ക് സി.തോമസിനെതിരെ 9044. റെക്കോ‍ർഡ് ഭൂരിപക്ഷം ഉമ്മൻ ചാണ്ടി നേടിയത് 2011 ൽ സുജ സൂസൻ ജോർജിനെ തോൽപ്പിച്ചത് – 33,255 വോട്ടിന്. ഉമ്മൻ ചാണ്ടിയുടെ ജനസമ്മതിയെ പൂർണമായും അംഗീകരിക്കുന്ന നയമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ എൽഡിഎഫ് പ്രകടിപ്പിച്ചത്. എന്നാൽ, ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ നേർക്കുനേർ പോരാട്ടത്തിലേക്കു മുന്നണികൾ കടക്കും. ഏതു ഘട്ടത്തിലും തിരഞ്ഞെടുപ്പിനു സിപിഎം തയാറാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു വൈകാതെ കടക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയെ ഇത്രമാത്രം സ്നേഹിച്ച പുതുപ്പള്ളി അദ്ദേഹത്തിന്റെ പിൻഗാമിയായി കോൺഗ്രസ് നിർദേശിക്കുന്ന സ്ഥാനാർഥിയെ അകമഴിഞ്ഞു പിന്തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണു നേതാക്കൾ. മകൻ ചാണ്ടി ഉമ്മന്റെ പേര് സ്വാഭാവികമായും ഉയരുന്നുണ്ട്. കുടുംബത്തിന്റെ അഭിപ്രായം കൂടി തേടുമെന്നു നേതാക്കളിൽ പലരും സൂചിപ്പിക്കുന്നു.

മുൻപ് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിട്ടുള്ള റജി സഖറിയ, ജെയ്ക് സി.തോമസ് എന്നിവരുടെ പേരുകളാകും എൽഡിഎഫിന്റെ ആദ്യ പരിഗണനയിൽ. പുതുപ്പള്ളിക്കു കീഴിലുള്ള 8 പഞ്ചായത്തുകളിൽ ആറും എൽഡിഎഫിന് ഒപ്പമാണ് എന്നതിലാണ് ആ മുന്നണിയുടെ പ്രതീക്ഷ. പക്ഷേ, ഉമ്മൻ ചാണ്ടി മത്സരിക്കുമ്പോഴുള്ളതിനെക്കാൾ ശക്തമായി ഉമ്മൻ ചാണ്ടി വികാരം അലയടിക്കാനിടയുള്ള തിരഞ്ഞെടുപ്പാക്കും വരാനിരിക്കുന്നതെന്നും എൽഡിഎഫിനു പരിഗണിക്കേണ്ടിവരും.

Related posts

‘വീഴ്ചയുണ്ടായി’; വണ്ടിപ്പെരിയാർ പോക്സോ വിധിയിൽ അപ്പീൽ സാധ്യത തേടുമെന്ന് ബാലാവകാശ കമ്മിഷൻ

Aswathi Kottiyoor

തിരുവനന്തപുരത്ത് 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ പിടിയിൽ

Aswathi Kottiyoor

കുസാറ്റ് ടെക് ഫെസ്റ്റിലെ അപകടം; സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് ഉപസമിതി റിപ്പോർട്ട്

Aswathi Kottiyoor
WordPress Image Lightbox