സംസ്ഥാന സർക്കാരിന്റെ നവകിരണം പദ്ധതിയിലൂടെ ഇതുവരെ പുനരധിവസിപ്പിച്ചത് വനത്തിനുള്ളിൽ താമസിക്കുന്ന 631 ആദിവാസി ഇതര കുടുംബങ്ങളെ. ഇത്രയും കുടുംബങ്ങളെ വനത്തിൽനിന്ന് മാറ്റിപ്പാർപ്പിച്ചതിലൂടെ കേരളത്തിന്റെ വനവിസ്‌തൃതിയിൽ 131.41 ഹെക്ടർ കൂട്ടിച്ചേർക്കാൻ സംസ്ഥാന വനംവകുപ്പിന് കഴിഞ്ഞു. കാസർകോട്, നോർത്ത് വയനാട്, മറയൂർ, ശെന്തുരുണി, മലയാറ്റൂർ ഫോറസ്‌റ്റ് ഡിവിഷനുകളിൽനിന്നാണ് ആളുകളെ പുനരധിവസിപ്പിച്ചത്.
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറയ്‌ക്കുക, വനാന്തരങ്ങളിൽ ഒറ്റപ്പെട്ട് താമസിക്കുന്നവർ, വന്യജീവിആക്രമണം, പ്രകൃതി ദുരന്തം എന്നിവ അഭിമുഖീകരിക്കുന്നവർ, മെച്ചപ്പെട്ട ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭിക്കാത്തവർ തുടങ്ങിയ ജനവിഭാഗങ്ങൾക്ക് ആശ്വാസമേകുക എന്നീ ലക്ഷ്യങ്ങളോടെയാണ് നവകിരണം പദ്ധതി ആവിഷ്‌കരിച്ചത്.
ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലെ ഏഴ് ഫോറസ്റ്റ് സർക്കിളുകൾ, 26 ഫോറസ്റ്റ് ഡിവിഷനുകൾ,185 വനമേഖലകൾ എന്നിവിടങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതര വിഭാഗക്കാരെ മാറ്റിപ്പാർപ്പിക്കുകയാണ് ലക്ഷ്യം. 2500 ഓളം കുടുംബങ്ങൾ ഇതുവരെ പദ്ധതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. വിശദമായ പരിശോധനകൾക്കുശേഷമാണ് നഷ്‌ടപരിഹാരം നൽകി പുനരധിവസിപ്പിക്കുന്നത്.
കിഫ്‌ബി, റീബിൽഡ് കേരള എന്നീ പദ്ധതികൾ മുഖേന 73.12 കോടി രൂപ 631 കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരമായി നൽകി. മാറ്റിപ്പാർപ്പിക്കുന്ന കുടുംബങ്ങൾക്ക് പുതിയ താമസസ്ഥലത്ത് തൊഴിൽ നേടുന്നതിന് ഉപജീവന സഹായ പരിശീലനം, നൈപുണ്യ നവീകരണ പരിശീലനം എന്നിവയും നൽകുന്നുണ്ട്. തയ്യൽ, ഡ്രൈവിങ്, ഇലക്ട്രിക്കൽ വർക്ക്, ഹോം നഴ്‌സിങ് തുടങ്ങിയ തൊഴിലുകളാണ് പരിശീലിപ്പിക്കുന്നത്. ഒരു കുടുംബാംഗത്തിന് പരിശീലനം നൽകുന്നതിന് 25000 രൂപവരെ സർക്കാർ വിനിയോഗിക്കുന്നുണ്ട്.