20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • വിടചൊല്ലി അക്ഷരനഗരി; പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞിന്റെ അവസാന യാത്ര
Uncategorized

വിടചൊല്ലി അക്ഷരനഗരി; പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞിന്റെ അവസാന യാത്ര

കോട്ടയം∙ അക്ഷര നഗരിയിൽ ജനലക്ഷങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ഉമ്മൻചാണ്ടി തന്റെ സ്വന്തം പുതുപ്പള്ളിയിലേക്കുള്ള അവസാനയാത്ര ആരംഭിച്ചു. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ കാണാൻ പുതുപ്പള്ളി കാത്തിരിക്കുകയാണ്.

പൊരിവെയിലിലും അണമുറിയാത്ത ജനപ്രവഹമാണ് കോട്ടയം തിരുനക്കര മൈതാനിയിലേക്ക് ഒഴുകിയെത്തിയത്. മുദ്രാവാക്യം വിളികളുമായി പതിനായിരങ്ങൾ പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇവിടേക്ക് എത്തി. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച്, 28 മണിക്കൂർ പിന്നിട്ടാണ് യാത്ര തിരുനക്കരയിൽ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം പതിനായിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. ഉമ്മൻചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറി. സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുതുപ്പള്ളിയിലെത്തും. സംസ്കാര ചടങ്ങിൽ‌ കർദിനാൾ മാർ ആലഞ്ചേരിയും പങ്കെടുക്കും. സംസ്കാരം ശുശ്രൂഷകൾ രാത്രി ഏഴരയോടെ പുതുപ്പള്ളി പള്ളിയിൽ. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. കുടുംബവീട്ടിലും നിർമാണത്തിലുള്ള വീട്ടിലും പൊതുദർശനത്തിന് വയ്ക്കും.

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. അർധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്നത്. അർധരാത്രിയിലും പുലർച്ചെയും ആൾക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്. വിലാപയാത്ര തിരുവനന്തപുരം നഗരത്തിനു പുറത്തു കടക്കാൻ മണിക്കൂറുകളെടുത്തു. 3.20 നു കൊല്ലം ജില്ലയിൽ കടന്നപ്പോൾ നിലമേലിൽ വൻജനക്കൂട്ടം വരവേറ്റു. കൊട്ടാരക്കരയിൽ ചൊവ്വാഴ്ച മുതൽ സർവമത പ്രാർഥനയുമായി കാത്തിരുന്ന നാട്ടുകാർ വിലാപയാത്രയെത്തിയപ്പോൾ വാഹനം പൊതിഞ്ഞു. പത്തനംതിട്ട ജില്ലയിൽ കടന്നത് രാത്രി ഒൻപതോടെ. 11.30ന് അടൂരിലും പുലർച്ചെ രണ്ടു മണിയോടെ പന്തളത്തും എത്തിയപ്പോൾ വാഹനങ്ങൾക്കു നീങ്ങാൻ കഴിയാത്ത വിധം ആ‍ൾക്കൂട്ടം. മൂന്നു മണിയോടെ ചെങ്ങന്നൂരിലെത്തുമ്പോൾ ഉമ്മൻ ചാണ്ടിയെ അവസാനമായൊന്നു കാണാൻ ആളുകൾ തിരക്കുകൂട്ടി. തിരുവല്ലയിൽ വച്ചു വീണ്ടും പത്തനംതിട്ട ജില്ലയുടെ അന്ത്യാഞ്ജലി. കോട്ടയം ജില്ലയിലേക്കു കടന്നപ്പോൾ ജനസമുദ്രം.

Related posts

ചപ്പാരം ഏറ്റുമുട്ടല്‍; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി, 5 മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായി എഫ്ഐആര്‍

Aswathi Kottiyoor

*ഗസ്റ്റ് അധ്യാപക നിയമന കൂടിക്കാഴ്ച*

Aswathi Kottiyoor

കർഷകർക്ക് ഇനി എല്ലാം വിരകൽത്തുമ്പിൽ; കൃഷി ഡേറ്റാ ഹബ്ബ് ഒരുങ്ങുന്നു

Aswathi Kottiyoor
WordPress Image Lightbox