പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്താൻ ത്രിതല പഞ്ചായത്തുകളുമായി ചേർന്ന് ടൂറിസം വകുപ്പ് പുതിയ പദ്ധതി നടപ്പിലാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ ടൂറിസം പദ്ധതിയുടെ 60 ശതമാനം ടൂറിസം വകുപ്പും 40 ശതമാനം ത്രിതല പഞ്ചായത്തുകളും വഹിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയും. കേരളത്തിന്റെ ടൂറിസം കേന്ദ്രങ്ങളുടെ സൗന്ദര്യം ലോകത്തിന് പരിചയപ്പെടുത്തികൊടുക്കാൻ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ, 21 രാജ്യങ്ങളിലെ 25 വ്ലോഗർമാരെ കേരളത്തിൽ കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ഒട്ടേറെ ടൂറിസം കേന്ദ്രങ്ങൾ ഇനിയും കേരളത്തിൽ കണ്ടെത്തേണ്ടതുണ്ട്. കേരളത്തിലെ ഓരോ പ്രദേശത്തും ടൂറിസം വികസനത്തിന് അനന്ത സാദ്ധ്യതകൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
ചെറുകുന്ന് താവത്തെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ എം വിജിൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വിശിഷ്ടാതിഥിയായി. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, വൈസ് പ്രസിഡണ്ട് ഡി വിമല, മുൻ എംഎൽഎ സി കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എം ശ്രീധരൻ (ചെറുതാഴം), ടി നിഷ (ചെറുതാഴം), പി ഗോവിന്ദൻ (ഏഴോം), ഫാരിഷ ടീച്ചർ (മാട്ടൂൽ), കെ രതി (കണ്ണപുരം), ടി ടി ബാലകൃഷ്ണൻ (കല്ല്യാശ്ശേരി), കെ രമേശൻ (നാറാത്ത്), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ് കെ ആബിദ ടീച്ചർ, സിപി ഷിജു, കെ താഹിറ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ എ വി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പത്മിനി, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ കെ അനിത, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, ഔഷധി ഡയറക്ടർ കെ പത്മനാഭൻ, ജോയിന്റ് ബി ഡി ഒ എം കെ പി ഷുക്കൂർ, രാഷ്ട്രീയ കക്ഷി നേതാക്കളായ ഒ വി നാരായണൻ, ടി ചന്ദ്രൻ, പി വി ബാബു രാജേന്ദ്രൻ, ബി മുഹമ്മദ് അഷ്‌റഫ് എന്നിവർ സംസാരിച്ചു.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ട്, കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് എന്നിവയിൽ നിന്ന് 62 ലക്ഷം രൂപ വിനിയോഗിച്ച് പ്രീഫാബ് ടെക്നോളജിയിലാണ് ശീതീകരിച്ച കോൺഫറൻസ് ഹാൾ നിർമിച്ചത്. സിൽക്ക് കൺസൾട്ടൻസിയായി കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് മൂന്ന് മാസം കൊണ്ടാണ് ഹാളിന്റെ പ്രവൃത്തി പൂർത്തിയാക്കിയത്