മാഹിയിലെ സർക്കാർ സ്കൂളുകളിൽ മതിയായ അധ്യാപകരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. 18 സർക്കാർ സ്കൂളുകളിലാണ് ഒഴിവുകളിലേക്ക് നിയമനം നടക്കാത്തത്. അധ്യാപകക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദ്യാർഥി സംഘടനകളും അധ്യാപക സംഘടനകളും പിടിഎയും ആവശ്യപ്പെട്ടിട്ടും പുതുച്ചേരി സർക്കാർ മുഖംതിരിക്കുന്നു. നിലവിൽ പ്രൈമറി ക്ലാസുകളിലുൾപ്പെടെ അധ്യാപകരില്ല.
മാഹിയിലെ സർക്കാർ സ്കൂളുകളിലെ അധ്യാപക ഒഴിവിലേക്ക് അടിയന്തരമായി നിയമനം നടത്തുമെന്ന് റീജണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ ഉറപ്പുനൽകിയിരുന്നു. സംയുക്ത അധ്യാപക–- രക്ഷാകർതൃസമിതി സമരം പ്രഖ്യാപിച്ചപ്പോഴാണ് ഉറപ്പ് നൽകിയത്. മിക്ക സ്കൂളുകളിലും അധ്യാപകപ്രതിസന്ധിയുണ്ട്. മൂന്ന് സ്കൂളുകളിൽ പ്രധാനാധ്യാപകരില്ല. അഞ്ച് ക്ലാസുകളുള്ള ജിഎൽപിഎസ് ചെറുകല്ലായിയിൽ പ്രധാനാധ്യാപകനടക്കം നാല് അധ്യാപകർ മാത്രം. ഇവിടെ ഒരു ക്ലാസിൽ അധ്യാപകരില്ലാത്ത അവസ്ഥയാണ്.
മലയാളം, അറബിക്, സംസ്‌കൃതം ഭാഷാധ്യാപകരുടെയും ഫിസിക്സ്, ഹിസ്റ്ററി, സോഷ്യൽ സയൻസ് വിഷയങ്ങൾക്കും പലയിടത്തും അധ്യാപകരില്ല. വിരമിക്കുന്ന അധ്യാപക തസ്‌തികയിൽ സ്ഥിരനിയമനം നടത്തുന്ന രീതി വർഷങ്ങളായിട്ട് ഇല്ല. കൃത്യമായ മുന്നൊരുക്കമില്ലാതെ ആറാം ക്ലാസ്‌മുതൽ ഒമ്പതുവരെയും പ്ലസ് വൺ ക്ലാസ്സിലും സിബിഎസ്‌ഇ സിലബസ് അടിച്ചേൽപ്പിച്ചതോടെ അധ്യാപകരും വിദ്യാർഥികളും ബുദ്ധിമുട്ടുന്നു.
സിബിഎസ്‌ഇ സിലബസ് നടപ്പാക്കിയപ്പോൾ ഭാഷാപഠനവും പ്രതിസന്ധിയിലായി. ഭാഷാധ്യാപകർക്കും ഇതുവരെ കൃത്യമായ പരിശീലനം കിട്ടിയിട്ടില്ല. ഹിന്ദിക്കും മലയാളത്തിനും മാഹിയിൽ പ്രാധാന്യം കുറയുന്നു. ഒമ്പത്‌മുതൽ ഹിന്ദി, മലയാളം, സംസ്‌കൃതം, അറബി ഇവയിൽ ഒന്ന് ഇഷ്ടപ്രകാരം പഠിച്ചാൽ മതി. വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങൾ മയ്യഴി ഭരണകൂടവും വിദ്യാഭ്യാസ വകുപ്പും പരിഹരിച്ചില്ലെങ്കിൽ സംയുക്ത രക്ഷാകർതൃസമിതി അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഭാരവാഹികൾ പറഞ്ഞു.
previous post