കേരള നിയമസഭയുടെ പുസ്തകോത്സവമായിരുന്നു ഉമ്മൻചാണ്ടിയുടെ അവസാന പൊതുപരിപാടി. അസുഖത്തിന്റെ അവശത മുഖത്തും ശരീരത്തിലും പ്രകടമായപ്പോഴും സ്പീക്കർ എ എൻ ഷംസീറിന്റെ ക്ഷണം നിരസിക്കാതെ അദ്ദേഹം വേദിയിലെത്തി. പുസ്‌തകോത്സവത്തിന്റെ സമാപന ദിവസമായ ജനുവരി 15നാണ് ഉമ്മൻചാണ്ടി എത്തിയത്. നിയമസഭാ ശങ്കരനാരായണൻ തമ്പി ഹാളിൽ പലതവണ മുഴങ്ങിയ ഉറച്ചശബ്ദം പ്രതീക്ഷിച്ചിരുന്നവർ കേട്ടത് ഇടർച്ചയോടെയുള്ള പതിഞ്ഞ ശബ്ദം. രോഗം എത്രമാത്രം അദ്ദേഹത്തെ തളർത്തി എന്നതിന്റെ തെളിവായിരുന്നു ചുരുങ്ങിയ വാക്കുകൾ. ആരോഗ്യപ്രശ്നങ്ങൾ കാരണം പ്രസംഗത്തിന് മുതിരുന്നില്ലെന്ന് ആദ്യമേ പറഞ്ഞാണ് മൈക്കിന് മുന്നിലെത്തിയത്. പുസ്തകോത്സവം രണ്ടാംപതിപ്പിന്റെ ലോഗോയും അദ്ദേഹം അനാച്ഛാദനം ചെയ്തു. കൂടുതൽ കാലം തുടർച്ചയായി നിയമസഭാ സാമാജികനായ ഉമ്മൻചാണ്ടിയെ ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു.
ബന്ധുക്കളുടെ നിലപാടു കാരണം ഉമ്മൻചാണ്ടിക്ക് ശാസ്‌ത്രീയവും പര്യാപ്‌തവുമായ ചികിത്സ കിട്ടുന്നില്ല എന്ന് ആരോപിച്ച് സഹോദരൻ സർക്കാരിന് കത്തു നൽകിയിരുന്നു. തുടർന്ന് ചികിത്സയ്‌ക്ക് മേൽനോട്ടം വഹിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു.