മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുസ്മരിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു സഹോദരനെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. സാധാരണക്കാർക്ക് വേണ്ടി ജീവിച്ച നേതായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു. ബെംഗളൂരുവിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. ക്യാൻസർ ബാധിതനായി ഏറെ നാളായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്.
2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ആള്‍ക്കൂട്ടത്തെ ആഘോഷമാക്കി മാറ്റിയ ജനപ്രിയനായ നേതാവായിരുന്നു. രാഷ്ട്രീയ വളര്‍ച്ചയുടെ കൊടുമുടി കയറുമ്പോഴും ജന്‍മനാടുമായും നാട്ടുകാരുമായും സൂക്ഷിച്ച ഹൃദയബന്ധമാണ് ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ വ്യത്യസ്തനാക്കിയിരുന്നത്. തുടര്‍ച്ചയായി 53 കൊല്ലം ഒരു മണ്ഡലത്തില്‍ നിന്ന് തന്നെ ജയിച്ച് നിയമസഭയിലെത്തിയ ഉമ്മൻചാണ്ടി കേരളക്കരയുടെ പ്രിയ കുഞ്ഞൂഞ്ഞ് ആയി മാറിയതും ആ ജനപ്രിയതയിലാണ്.
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടി എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.