24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഇന്ത്യ’: പ്രതിപക്ഷ പാർടികളുടെ സഖ്യത്തിന് പുതിയ പേര്
Uncategorized

ഇന്ത്യ’: പ്രതിപക്ഷ പാർടികളുടെ സഖ്യത്തിന് പുതിയ പേര്

നരേന്ദ്ര മോദി സർക്കാരിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക്‌ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലുസീവ്‌ അലയൻസ്‌– ‘ഇന്ത്യ’ എന്ന്‌ പേര്‌. ബിജെപിയുടെ വർഗീയ, ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരായ പോരാട്ടത്തിന്‌ കരുത്തുറ്റ പോർമുഖം തുറക്കാൻ ബംഗളൂരുവിൽ ചേർന്ന 26 പ്രതിപക്ഷ പാർടിയുടെ യോഗമാണ് പേര് പ്രഖ്യാപിച്ചത്.

ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഇനി ഏറ്റുമുട്ടുന്നത്‌ ബിജെപിയും ‘ഇന്ത്യ’യും തമ്മിലായിരിക്കുമെന്ന്‌ പ്രതിപക്ഷ പാർടികളുടെ രണ്ടാം യോഗശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു. പതിനൊന്നംഗ കോ– ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാനും യോ​ഗം തീരുമാനിച്ചു. അടുത്തയോ​ഗം മുംബൈയില്‍ ചേരും. കോ– ഓർഡിനേഷൻ കമ്മിറ്റിയംഗങ്ങളെയും കൺവീനറെയും മുംബൈ യോഗം തീരുമാനിക്കും. പ്രചാരണം ആസൂത്രണം ചെയ്യാൻ ഡൽഹി കേന്ദ്രീകരിച്ച്‌ സെക്രട്ടറിയറ്റിനും രൂപം നൽകും. ഇതിന്റെ ഘടന അടുത്ത യോഗത്തിൽ തീരുമാനിക്കുമെന്ന്‌ എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും തകർക്കാൻ ആസൂത്രിത നീക്കം മോദി സർക്കാർ നടത്തുമ്പോൾ രാജ്യത്തെ രക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ്‌ പ്രതിപക്ഷം ഏറ്റെടുക്കുന്നത്‌.

പ്രാദേശികമായ അഭിപ്രായ ഭിന്നതകൾ മാറ്റിവച്ച്‌ വിവിധ കക്ഷികൾ ഐക്യപ്പെടുന്നത്‌ ഈ സാഹചര്യത്തിലാണ്‌. പട്‌നയിൽനിന്ന്‌ ബംഗളൂരുവിൽ എത്തിയപ്പോൾ കക്ഷികളുടെ എണ്ണം 16ൽനിന്ന്‌ 26 ആയി. ഈ വളർച്ചയിൽ ഭീതിയിലായ മോദി എൻഡിഎ യോഗം വിളിച്ചു. 30 പാർടി ഒപ്പമുണ്ടെന്നാണ്‌ അവകാശവാദം. എന്നാൽ, കേട്ടിട്ടുപോലുമില്ലാത്ത ചില പാർടികൾ മാത്രമാണ്‌ ഒപ്പമുള്ളത്‌. ഇതുവരെ മുന്നണി നേതാക്കളോട്‌ മിണ്ടാൻപോലും കൂട്ടാക്കാത്ത മോദി ഇപ്പോൾ ഓടിനടന്ന്‌ പാർടികളെ ക്ഷണിക്കുകയാണ്‌. ബിജെപിയുടെ ഭയം ഇതിൽ വ്യക്തമാണെന്നും ഖാർഗെ പറഞ്ഞു.

ദുരിതമനുഭവിക്കുന്ന കർഷകർക്കും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും മണിപ്പുർ ജനതയ്‌ക്കും വേണ്ടിയാണ്‌ പ്രതിപക്ഷ കൂട്ടായ്‌മയെന്ന്‌ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ആകാശവും ഭൂമിയും ഉൾപ്പെടെ എല്ലാം വിറ്റുതുലയ്‌ക്കുകയാണെന്നും രാജ്യതാൽപ്പര്യത്തിനുവേണ്ടിയാണ്‌ കൂട്ടായ്‌മയെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ പറഞ്ഞു. ഇന്ത്യ എന്ന ആശയവും മോദിയും തമ്മിലുള്ള ഏറ്റുമുട്ടലാണ്‌ നടക്കുന്നതെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി പറഞ്ഞു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എന്‍സിപി നേതാവ് ശരത്‌ പവാർ, മുഖ്യമന്ത്രിമാരായ ഹേമന്ദ്‌ സോറൻ(ജാർഖണ്ഡ്‌), ഭഗവന്ത്‌ മൻ(പഞ്ചാബ്‌), കെ സിദ്ധരാമയ്യ(കർണാടക), ശഉദ്ദവ്‌ താക്കറെ, വൈക്കോ, ജോസ്‌ കെ മാണി, എൻ കെ പ്രേമചന്ദ്രൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

കൂട്ടായ്മയുടെ ഫലം: കന്നഡ വിജയത്തിൽ പൊട്ടിക്കരഞ്ഞ് ഡികെ ശിവകുമാർ

Aswathi Kottiyoor

മൂന്നാമൂഴം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോകനേതാക്കൾ; ‘ഇന്ത്യയുമായുള്ള സൗഹൃദം കൂടുതൽ ഊഷ്മളമാകും’

Aswathi Kottiyoor

ധോണിയെ വാഴ്ത്തി ഗൗതം ഗംഭീര്‍! ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റനെന്ന് മുന്‍ താരത്തിന്റെ അഭിപ്രായം

Aswathi Kottiyoor
WordPress Image Lightbox