ലീനാമണി ഒരു കല്യാണത്തിൽ പങ്കെടുക്കാൻ ഒരുങ്ങമ്പോഴായിരുന്നു ആക്രമണം. കാലിനാണു കാര്യമായ പരുക്കേറ്റത്. നല്ലപോലെ തോതിൽ രക്തം വാർന്നു പോയി. തടയാൻ ശ്രമിച്ച തന്നെയും മർദിച്ചതായി സരസമ്മ പറഞ്ഞു. വായ്ക്കുള്ളിൽ തുണി തിരുകിയ ശേഷം കമ്പിപ്പാര പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ബഹളം പുറത്ത് കേൾക്കാതിരിക്കാൻ വാതിലുകൾ അടച്ചിട്ടു.
ഒട്ടേറെ വർഷങ്ങളായി ലീനാമണിക്കൊപ്പം കഴിയുകയാണിവർ. അക്രമികൾ രക്ഷപ്പെട്ട ശേഷം നാട്ടുകാരുടെ സഹായത്തോടെയാണ് ഇരുവരെയും വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സരസമ്മയുടെ പരുക്കുകൾ സാരമുള്ളതല്ല. ലീനാമണിയുടെ ശരീരത്തിൽ ഇരുമ്പ് പട്ട ഉപയോഗിച്ച് ആക്രമിച്ചതിന്റെ പാടുകൾ ഉള്ളതായും കാലിനാണു കാര്യമായ പരുക്കേറ്റതെന്നും പൊലിസും സ്ഥിരീകരിച്ചു.
ലീനാമണിയുടെ ഭർത്താവ് സിയാദ് (ഷൈൻ) ഒന്നര വർഷം മുൻപ് മരിച്ചു. ഭർത്താവിന്റെ മരണത്തോടെ അവരുടെ വസ്തുക്കളിൽ സഹോദരങ്ങൾ അവകാശവാദം ഉന്നയിക്കുന്നുണ്ടായിരുന്നു. രണ്ടു മാസം മുൻപ് സിയാദിന്റെ സഹോദരന്മാരിൽ ഒരാളായ അഹദും കുടുംബവും കൂടി ഇവരുടെ വീട്ടിൽ താമസമാക്കിയെന്നാണ് പരാതി. ഇതിന്റെ പേരിൽ പൊലീസ് സ്റ്റേഷനിൽ പരാതിയും കോടതിയിൽ കേസ് നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ലീനാമണി അയിരൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതിയിൽ നിന്നു സംരക്ഷണ ഓർഡറുമായി പൊലീസ് വീട്ടിൽ എത്തിയിരുന്നു. ഇതാണ് പെട്ടെന്നുള്ള ആക്രമണത്തിനു പ്രതികളെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. വീട്ടിലുണ്ടായിരുന്ന, അഹദിന്റെ ഭാര്യ റഹീന പൊലീസ് കസ്റ്റഡിയിലുണ്ട്.