26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ലോകകേരള സഭ: ഒന്നിനും കണക്കില്ല; കണക്കുകൾ ഓഡിറ്റ് ചെയ്യാറുണ്ടെന്ന സർക്കാർ വാദം പൊളിഞ്ഞു
Uncategorized

ലോകകേരള സഭ: ഒന്നിനും കണക്കില്ല; കണക്കുകൾ ഓഡിറ്റ് ചെയ്യാറുണ്ടെന്ന സർക്കാർ വാദം പൊളിഞ്ഞു

തിരുവനന്തപുരം ∙ ലോകകേരള സഭയുടെ 3 മേഖലാ സമ്മേളനങ്ങളുടെയും വരവുചെലവു കണക്ക് പരിശോധിച്ചിട്ടില്ലെന്നും സ്പോൺസർഷിപ്പിലൂടെ എത്ര പിരിച്ചെന്നും എത്ര ചെലവാക്കിയെന്നും അറിയില്ലെന്നും വിവരാവകാശ മറുപടിയിൽ സർക്കാർ അറിയിച്ചു. 3 സമ്മേളനങ്ങളും നടത്തിയതു സ്പോൺസർഷിപ് വഴിയാണ്. ഇതിന്റെ ഒരു കണക്കും ലോകകേരള സഭാ സെക്രട്ടേറിയറ്റിനോ നോർക്ക റൂട്സിനോ ലഭ്യമല്ലെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടി ലഭിച്ചത്.

കഴിഞ്ഞമാസത്തെ ന്യൂയോർക്ക് സമ്മേളനത്തിന്റെ സ്പോൺസർഷിപ് വിവാദമായപ്പോൾ, സമ്മേളന നടത്തിപ്പ് ഓഡിറ്റ് ചെയ്യാറുണ്ടെന്നും ന്യൂയോർക്കിലേതും പരിശോധിക്കുമെന്നുമായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ആദ്യ രണ്ടു തവണയും പരിശോധിച്ചിട്ടില്ലെന്നും ഇത്തവണയും പരിശോധിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഇപ്പോൾ പറയുന്നത്. മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാമെന്നും ഡിന്നർ കഴിക്കാമെന്നും വാഗ്ദാനം ചെയ്തു പണം പിരിച്ചതു ന്യൂയോർക്ക് സമ്മേളനത്തെ വിവാദത്തിലാക്കിയിരുന്നു. 2019 ൽ ദുബായിലെ ആദ്യ മേഖലാ സമ്മേളനത്തിനു പ്രവാസികളും ലോകകേരള സഭാംഗങ്ങളും ഉൾപ്പെടുന്ന സംഘാടകസമിതി സ്പോൺസർഷിപ്പിലൂടെയാണു പണം കണ്ടെത്തിയതെന്നു ലോകകേരള സഭാ സെക്രട്ടേറിയറ്റ് പറയുന്നു. തുക സർക്കാർ കൈപ്പറ്റിയിട്ടില്ലാത്തതിനാൽ ഓഡിറ്റ് നടത്തിയിട്ടില്ലെന്നാണു വാദം. 2022 ൽ ലണ്ടനിലും കഴിഞ്ഞമാസം ന്യൂയോർക്കിലും നടന്ന സമ്മേളനങ്ങളിലും ഈ രീതി തന്നെയാണു പിന്തുടർന്നതെന്നും വിശദീകരിക്കുന്നു.

ഒന്നാം മേഖലാ സമ്മേളനത്തിൽ സർക്കാർ പ്രതിനിധി സംഘത്തിന്റെ വീസ, വിമാനയാത്ര, താമസം, ഭക്ഷണം എന്നിവയ്ക്കായി 18.40 ലക്ഷം രൂപ ചെലവിട്ടതിനു മാത്രമാണു കണക്കുള്ളത്. രണ്ടാം സമ്മേളനത്തിൽ സർക്കാർ പ്രതിനിധികൾക്കായി ലോകകേരള സഭയുടെ ഫണ്ടിൽനിന്നു തുക ചെലവിട്ടിട്ടില്ല. മറ്റേതെങ്കിലും വകുപ്പിൽനിന്ന് എടുത്തോയെന്നു വ്യക്തമാക്കുന്നില്ല. ന്യൂയോർക്ക് സമ്മേളനത്തിൽ ഡയറക്ടർ പങ്കെടുത്തതിന്റെ ചെലവ് ലോകകേരള സഭ തന്നെ വഹിക്കണമെന്നു സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ഈ വർഷം സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ ചെലവായ തുക നൽകിയിട്ടില്ലെന്നാണു വിശദീകരണം. ചെലവായത് എത്രയെന്നു വ്യക്തമാക്കുന്നില്ല.

സർക്കാർ മുൻകയ്യെടുത്തു രൂപീകരിച്ച സംവിധാനമാണു ലോകകേരള സഭ. ഐഎഎസ് ഉദ്യോഗസ്ഥയാണു ഡയറക്ടർ. 3 മേഖലാ സമ്മേളനങ്ങളും മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, വകുപ്പു സെക്രട്ടറിമാർ എന്നിവരെല്ലാം പങ്കെടുത്ത ഔദ്യോഗിക പരിപാടികളായിരുന്നു. സർക്കാർ സംവിധാനത്തിന്റെ പേരിൽ വിദേശത്തു സ്പോൺസർഷിപ്പിലൂടെ പണം പിരിച്ചു പരിപാടി സംഘടിപ്പിച്ചിട്ടും അതിന്റെ കണക്കു പരിശോധിച്ചിട്ടില്ലെന്നതു വിചിത്രമാണ്.

നഷ്ടമെന്ന് സംഘാടക സമിതി സംഘാടക സമിതിയിൽനിന്നു ലഭിക്കുന്ന കണക്കു പ്രകാരം ന്യൂയോർക്ക് സമ്മേളനത്തിന്റെ ചെലവ് 6.5 ലക്ഷം ഡോളറാണ്. (ഏകദേശം 5.34 കോടി രൂപ). ഡയമണ്ട് സ്പോൺസറായിരുന്ന വ്യവസായിയാണു ടൈം സ്ക്വയറിൽ മുഖ്യമന്ത്രി പങ്കെടുത്ത പൊതുസമ്മേളനം 2.5 ലക്ഷം ഡോളറിനു സ്പോൺസർ ചെയ്തത്. ഇദ്ദേഹത്തിൽ നിന്നു പിന്നീട് ഒരു ലക്ഷം ഡോളർ കൂടി വാങ്ങി. എന്നാൽ ഉദ്ദേശിച്ച തുക സ്പോൺസർഷിപ്പായി ലഭിച്ചില്ലെന്നും നഷ്ടം സംഭവിച്ചെന്നുമാണു സംഘാടക സമിതി പറയുന്നത്. കുറെ പണം കൊടുത്തുതീർക്കാനുണ്ട്. ഇതു കണ്ടെത്തി നൽകിയശേഷം ഓഡിറ്ററെ ഉപയോഗിച്ചു കണക്കുകൾ പരിശോധിക്കുമെന്നു സർക്കാരിനെ അറിയിക്കുമെന്നും ഇവർ പറയുന്നു.

Related posts

കരളലയിക്കും നൊമ്പരക്കാഴ്ച, അൽഷിഫ ആശുപത്രിയിൽ നവജാത ശിശുക്കൾ ഇൻക്യുബേറ്ററിന് പുറത്ത്, ദുരന്തമായി ഗാസ

Aswathi Kottiyoor

സ്വർണവില സർവ്വകാല റെക്കോർഡിൽ തുടരുന്നു; ഉരുകി ഉപഭോക്താക്കൾ

Aswathi Kottiyoor

ഏഷ്യൻ ഗെയിംസ് 25 മീറ്റർ പിസ്റ്റള്‍ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണം

Aswathi Kottiyoor
WordPress Image Lightbox