24.1 C
Iritty, IN
July 1, 2024
  • Home
  • Kerala
  • മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യത്തിന് അര്‍ഹതയെന്ന് ഹൈക്കോടതി
Kerala

മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യത്തിന് അര്‍ഹതയെന്ന് ഹൈക്കോടതി

മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ബികോം ബിരുദ വിദ്യാര്‍ത്ഥിനിക്ക് ആനുകൂല്യത്തിന് അര്‍ഹതയില്ലെന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് വിജു എബ്രഹാമിന്റേതാണ് വിധി.

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പണിയ സമുദായത്തിലെ അംഗമാണ് ഹര്‍ജിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ അമ്മ. അച്ഛന്‍ ഓര്‍ത്തഡോക്‌സ് സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗാംഗവുമാണ്. ഹർജിക്കാരി ജാതി സര്‍ട്ടിഫിക്കറ്റിനായി നല്‍കിയ അപേക്ഷ തൃശ്ശൂര്‍ തഹസില്‍ദാര്‍ നിരസിക്കുകയായിരുന്നു. പണിയ സമുദായത്തില്‍ നിന്ന് അകന്നുകഴിയുകയാണ് എന്ന ന്യായമുയര്‍ത്തിയാണ് അപേക്ഷ തഹസില്‍ദാര്‍ തള്ളിയത്.

ജനനം മുതല്‍ പണിയ കോളനിയിലാണ് താമസമെന്നും സര്‍ക്കാര്‍ പണിയ സമുദായത്തിന് നല്‍കിയ സഹായത്തോടെയാണ് വീട് വെച്ചതെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തിനായുള്ള അരി വിതരണം ഉള്‍പ്പടെ വാങ്ങുന്നവരാണെന്നും ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചു. പണിയ സമുദായത്തിനൊപ്പമാണ് ഹര്‍ജിക്കാരി വളര്‍ന്നതെന്ന ഊര് മൂപ്പന്റെ സാക്ഷ്യപത്രവും ഹര്‍ജിക്കാരി കോടതിയിൽ ഹാജരാക്കി.

സാമൂഹിക പശ്ചാത്തലം സംബന്ധിച്ച അന്വേഷണം നടത്തിയ കിര്‍ത്താഡ്‌സ് വിദ്യാര്‍ത്ഥിനിക്ക് എതിരായ റിപ്പോര്‍ട്ടാണ് നല്‍കിയത്. പണിയ സമുദായത്തിന്റെ ആനുകൂല്യത്തിന് അര്‍ഹതയില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് കിര്‍ത്താഡ്‌സിന്റെ റിപ്പോര്‍ട്ടെന്ന് ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. കിര്‍ത്താഡ്‌സിന്റെ റിപ്പോര്‍ട്ട് തള്ളിയ കോടതി ഹര്‍ജിക്കാരിയുടെ ഭാഗം കൂടി കേട്ടശേഷം തീരുമാനമെടുക്കാനും നിര്‍ദ്ദേശിച്ചു.

അതേസമയം ഹര്‍ജിക്കാരിയുടെ ആവശ്യത്തെ സര്‍ക്കാരിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. വസ്തുതകള്‍ മറച്ചുപിടിച്ചാണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരിയുടെ അമ്മയുടെ മാതാപിതാക്കള്‍ ക്രിസ്ത്യന്‍ യാക്കോബായ വിഭാഗത്തില്‍ നിന്നുള്ളവരാണ്. സ്‌കൂള്‍ രേഖകളില്‍ ഇങ്ങനെയാണ് രേഖപ്പെടുത്തിയതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാപിതാക്കളില്‍ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നയാളുടെ ജാതി സ്വീകരിക്കാം എന്നാണ് ഹൈക്കോടതിയുടെ മുന്‍ ഉത്തരവ്. ഈ വാദം കൂടി പരിഗണിച്ചാണ് ഹര്‍ജിക്കാരിക്ക് അനുകൂലമായ ഹൈക്കോടതി വിധി.

Related posts

കോ​ൺ​ഗ്ര​സി​ന്‍റെ ക​ണ്ണൂ​ർ ക​ള​ക്‌​ട​റേ​റ്റ് മാ​ർ​ച്ച്; 400 പേ​ർ​ക്കെ​തി​രേ കേ​സ്

Aswathi Kottiyoor

റിസോര്‍ട്ടിലെ സ്വിമ്മിംഗ്പൂളില്‍ എട്ട് വയസുകാരന്‍ മുങ്ങി മരിച്ചു

Aswathi Kottiyoor

ഒ​രു മാ​സ​ത്തി​നു ശേ​ഷം സ​ർ​ക്കാ​ർ പ്ലീ​ഡ​ർ​മാ​രു​ടെ സ​ന്പൂ​ർ​ണ അ​ഴി​ച്ചു പ​ണി

Aswathi Kottiyoor
WordPress Image Lightbox