ഇരിട്ടി: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ റൂസ ഫണ്ട് ഉപയോഗിച്ച് മാത്രം 568 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതായി ഉന്നത വിദാഭ്യാസ മന്ത്രി ആർ. ബിന്ദു. ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ കേന്ദ്ര -സംസ്ഥാന പദ്ധതിയായ റൂസ ഫണ്ട് ഉപയോഗിച്ച് നിർമിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സംസ്ഥാന വിഹിതങ്ങൾ ഉപയോഗിച്ച് സമയ ബന്ധിതമായി പ്രപ്പോസൽ സമർപ്പിച്ച് തുക അനുവദിക്കാനും നിർമ്മാണങ്ങൾ പൂർത്തിയാക്കാനും യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകാനും സംസ്ഥാന സർക്കാരിനായി എന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. സണ്ണി ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ .സ്വരൂപ ആർ. റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, വാർഡ് കൗൺസിലർ എൻ. സിന്ധു, റൂസ കോ ഓഡിനേറ്റർ പ്രമോദ് വെള്ളച്ചാൽ, ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി ജന. സിക്രട്ടറി വൈ. വൈ. മത്തായി, ട്രഷറർ സത്യൻ കൊമ്മേരി, വൈസ്.പ്രസി. സി. എസ്. സെബാസ്ററ്യൻ, കണ്ണൂർ ഹൌസിങ് ബോർഡ് അസി. എഞ്ചിനീയർ ഡെന്നിസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. എം.ജി. കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി സ്വാഗതവും ജൂനിയർ സൂപ്രണ്ട് എൻ. സത്യാനന്ദൻ നന്ദിയും പറഞ്ഞു.